റോഡ് അപകടത്തിൽ പെടുന്നവർക്ക് ഇനി സൗജന്യ ചികിത്സ

പ്രധാനമന്ത്രി റാഹത്ത് റോഡ് ആക്സിഡന്‍റ് വിക്റ്റിം ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് അഷ്വേര്‍ഡ് ട്രീറ്റ്മെന്‍റ് (പിഎം റാഹത്ത്) പദ്ധതിയിലൂടെയാണ് സഹായം ലഭിക്കുക
Free treatment for road accident victims in PM Rahat scheme

പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം റാഹത്ത് പദ്ധതിക്ക് അംഗീകാരം നല്‍കി.

Updated on

ന്യൂഡല്‍ഹി: റോഡ് അപകടങ്ങളുടെ ഇരകള്‍ക്ക് ഇനി മുതൽ സൗജന്യ ചികിത്സ ലഭിക്കും. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ അറിയിപ്പ് പ്രകാരം പ്രധാനമന്ത്രി റാഹത്ത് റോഡ് ആക്സിഡന്‍റ് വിക്റ്റിം ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് അഷ്വേര്‍ഡ് ട്രീറ്റ്മെന്‍റ് (പിഎം റാഹത്ത്) പദ്ധതിയിലൂടെയാണ് സഹായം ലഭിക്കുക.

റോഡ് അപകടത്തിനു ശേഷം ഉടനടി വൈദ്യ സഹായം ലഭിക്കാതെ ഒരു ജീവന്‍ പോലും നഷ്ടപ്പെടാതിരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഹത്ത് പദ്ധതിക്ക് അംഗീകാരം നല്‍കി.

റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്കോ, അവരുടെ സഹായത്തിനെത്തുന്നവർക്കോ, അല്ലെങ്കില്‍ അപകടസ്ഥലത്തുള്ള ആര്‍ക്കും അടുത്തുള്ള നിയുക്ത ആശുപത്രിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനും ആംബുലന്‍സ് സഹായം അഭ്യര്‍ഥിക്കുന്നതിനും 112 എന്ന നമ്പറില്‍ വിളിക്കാമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇത് പൊലീസ് അധികാരികള്‍, ആശുപത്രികള്‍ എന്നിവയ്ക്കിടയില്‍ വേഗത്തിലുള്ള ഏകോപനം സാധ്യമാക്കും. ഈ പദ്ധതി പ്രകാരം, റോഡ് അപകടത്തില്‍പ്പെടുന്ന ഏത് വിഭാഗത്തിലുള്ളവര്‍ക്കും അപകട തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെ എന്ന നിലയില്‍ പണരഹിത ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

ഈ പദ്ധതിപ്രകാരം ആശുപത്രികള്‍ക്കു മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്‍റ് ഫണ്ട് വഴിയാണു പണം തിരികെ നല്‍കുന്നത്. അപകടത്തില്‍പ്പെടുന്നതും ഇന്‍ഷ്വറന്‍സ് ഇല്ലാത്തതുമായ കേസുകള്‍ക്ക് പണം നല്‍കുന്നതിന് സര്‍ക്കാര്‍ ബജറ്റ് വിഹിതം ഉപയോഗിക്കും. 10 ദിവസത്തിനുള്ളില്‍ സ്വീകരിക്കുന്ന ക്ലെയിമുകള്‍ സംസ്ഥാന ആരോഗ്യ ഏജന്‍സി നല്‍കും. ഇത് ആശുപത്രികള്‍ക്ക് സാമ്പത്തിക സ്ഥിരത നല്‍കുകയും തുടര്‍ച്ചയായ പരിചരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

logo
Metro Vaartha
www.metrovaartha.com