
ഫ്രീഡം ഓഫ് റിലീജിയൻ മാർച്ചിന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത പരിവർത്തന നിയമങ്ങൾ ദുരുപയോഗപ്പെടുത്തി രാജ്യമെമ്പാടും ക്രൈസ്തവ വിശ്വാസികൾക്കെതിരേ ആക്രമണങ്ങൾ നടത്തുകയും, അവരെ ജയിലിൽ അടച്ചും പീഡിപ്പിക്കുന്ന സംഘപരിവാറിന്‍റെ ക്രൂര നടപടികൾക്കെതിരേ 'ക്രിസ്ത്യൻ പീസ് മിഷ്യന്‍റെ' ആഭിമുഖ്യത്തിൽ രാജ്യമെമ്പാടും ആരംഭിക്കുന്ന ഫ്രീഡം ഓഫ് റിലീജിയൻ മാർച്ചിന് ഡൽഹിയിൽ തുടക്കം.
ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ ചെയർമാൻ രാജീവ് ജോസഫിന്‍റെ നേതൃത്വത്തിൽ പാർലമെന്‍റിന് സമീപം ജന്തർ മന്ദറിൽ നടന്ന ഫ്രീഡം ഓഫ് റിലീജിയൻ മാർച്ച്, മഹിളാ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷ അൽക്കാ ലംബ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ക്രിസ്ത്യൻ പീസ് മിഷൻ സമർപ്പിച്ച മെമ്മോറാണ്ടം പ്രകാശനം ചെയ്തു കൊണ്ടാണ് അൽക്കാ ലംബ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
അൺ ഓർനൈസ്‌ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്‍റെ ദേശീയ ചെയർമാൻ ഡോ. ഉദിത് രാജ്, കോൺഗ്രസ് ദേശീയ നേതാവ് ജഗദീഷ് ശർമ്മ, ഡൽഹി നിയമ സഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും ആം ആദ്‌മി പാർട്ടി നേതാവുമായ അമരീഷ് സിങ് ഗൗതം, എഐസിസി മൈനോറിറ്റി ഡിപ്പാർട്മെന്‍റ് ദേശീയ കോർഡിനേറ്റർ മീനാക്ഷി സിങ്, ഡൽഹി പ്രദേശ് മഹിളാ കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്‍റ് സിന്ധ്യാ കുമാർ, വിൽസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
രാജ്യത്ത് ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങൾക്കെതിരേ, ക്രൈസ്തവരെക്കൂടാതെ ഹിന്ദു -മുസ്‌ലിം -സിഖ്-പാഴ്സി-ജൈന-ബുദ്ധമത വിശ്വാസികളും സമര രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഡൽഹിയിൽ അരങ്ങേറിയത്. ഡൽഹി ആസ്ഥാനമായി തുടക്കം കുറിച്ചിരിക്കുന്ന 'ഇന്ത്യൻ മെനോരിറ്റി ആൻഡ് ദളിത് ഫോറം' എന്ന ദേശീയ മൂവ്മെന്‍റ് ഫ്രീഡം ഓഫ് റിലീജിയൻ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്, ക്രൈസ്തവർക്കെതിരെയുള്ള പീഡങ്ങങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാജ്യം ഇന്നുവരെ കാണാത്ത വിധം ഹിന്ദു-മുസ്‌ലിം-സിഖ്-പാഴ്സി-ജൈന -ബുദ്ധമത വിശ്വാസികളും 'ക്രിസ്ത്യൻ പീസ് മിഷ്യന്‍റെ' സമര പോരാട്ടത്തിൽ അണിചേരുന്നത്.
നവംബർ 10 ന് തിരുവനന്തപുരം രാജ് ഭവനിലേക്ക് നടത്തുന്ന ഫ്രീഡം ഓഫ് റിലീജിയൻ മാർച്ച് ആഹ്വാനം ചെയ്തുകൊണ്ട്, തിരുവനന്തപുരത്തു നിന്നും എത്തിയ പ്രതിനിധി സജിത്ത് ദാസിന് സമര വേദിയിൽ വച്ച് രാജീവ് ജോസഫ് ദേശീയ പതാക കൈമാറി. ഡിസംബർ പത്തിന് ഛത്തീസ്‌ഗഡിൽ നടക്കുന്ന ഫ്രീഡം ഓഫ് റിലീജിയൻ മാർച്ചിനുള്ള ദേശീയ പതാക റായ്‌പൂരിൽ നിന്നുമെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ആനി പീറ്റർ ഏറ്റുവാങ്ങി.
ജനുവരിയിൽ രാജസ്ഥാനിലെ ജയ്‌പൂരിൽ നടക്കുന്ന മാർച്ചിന്‍റെ ദേശീയ പതാക അജ്മീറിൽ നിന്നും എത്തിയ കോൺഗ്രസ് നേതാവ് തോമസ് വർഗീസും സംഘവും ഏറ്റുവാങ്ങി. പ്രമുഖ സാമൂഹ്യ പ്രവർത്തകനും സുവിശേഷകനുമായ ജോൺ എം. ഫിലിപ്പിന്‍റെ പ്രാർഥനയോടെയാണ് സമരത്തിന് തുടക്കം കുറിച്ചത്.
ക്രിസ്ത്യൻ പീസ് മിഷ്യൻ നേതാക്കളായ പ്രേംജി പ്രസാദ്, സിബി വർഗീസ്, ബാബു കുട്ടി, ജെയിംസ് ഇട്ടി ഈപ്പൻ, തോമസ് വർഗീസ്, വി.കെ. ഐപ്പ്, സന്തോഷ് പോൾ, എബിൻ അബ്രഹാം, ജോസഫ് ചെറിയാൻ, ബെനഡിക്ട് കുഞ്ഞുമോൻ, വിനോദ് ഗോവിന്ദ്, റെൻസി മാത്യു, കെ.ആർ. അനിലാൽ, സി.ജി. വർഗീസ് എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
സമാധാനപരമായി നടന്ന സമര പ്രഖ്യാപന പരിപാടിയുടെ സമാപന പ്രാർഥനക്ക് വിൽസൺ മണിത്തോട്ടം നേതൃത്വം നൽകി. കമൽ ജോയൽ, രാഹുൽ വർമ്മ, എഡിസൺ സണ്ണി, രാധാകൃഷ്ണൻ പിള്ള, ബിനു ജോൺ, ഏഞ്ചലാ വിത്സൺ എന്നിവരുടെ ഗാനശുശ്രുഷ ഇന്ദ്രപ്രസ്ഥ സമര ഭൂമിയെ ഭക്തിസാന്ദ്രമാക്കി.