
ഇംഫാൽ: മണിപ്പൂരിൽ മെയ്തി കുകി സമുദായാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്താണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പ്രദേശത്തെ ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സംഘർഷമായി മാറിയത്. ഇതേ തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു.
സൈന്യത്തെയും അർധസൈനികവിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് രണ്ട് മണിയോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായത്. ഇരുവിഭാഗങ്ങളിലുമായി തടിച്ചു കൂടിയവർ ഒഴിഞ്ഞു കിടന്നിരുന്ന വീടുകൾ അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ട്.
3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. സാമുദായിക സംഘർഷത്തെത്തുടർന്ന് കലാപഭൂമിയായി മാറിയ മണിപ്പൂർ സാധാരണ സ്ഥിതിയിലായിട്ട് ദിവസങ്ങളേ ആയുള്ളൂ.നാലാഴ്ച മുൻപുണ്ടായ കലാപത്തിൽ 74 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂവിന് അടുത്തിടെയാണ് ഇളവു നൽകിയത്.