

സുരക്ഷാ ഉദ്യോഗസ്ഥർ ടയർ താഴ്ന്ന ഹെലികോപ്റ്റർ തള്ളിമാറ്റുന്നു
file photo
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി പത്തനം തിട്ട ജില്ലയിലെ പ്രമാടം സ്റ്റേഡിയത്തിൽ എത്തിയപ്പോൾ സംഭവിച്ച ഒരു സംഭവമാണ് ഇപ്പോൾ ബിബിസിയടക്കമുള്ള മാധ്യമ ശ്രദ്ധ നേടിയത്.
യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കിയ ഹെലിപാഡിൽ രാഷ്ട്രപതി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്‍റെ ടയറുകൾ പുതുതായി ഒഴിച്ച കോൺക്രീറ്റിൽ അപ്രതീക്ഷിതമായി താഴ്ന്നു പോയി. ഇതാണ് കേരള സർക്കാരിന് നാണക്കേടുണ്ടാക്കിയത്. കേവലം ഒരു സാങ്കേതികപ്പിഴവ് എന്നതിലും ഉപരിയായി ഗുരുതരമായ സുരക്ഷാ വീഴ്ചയായി ഇതു വിലയിരുത്തപ്പെട്ടു. അതോടെ രാജ്യത്തെ പരമോന്നത പദവി വഹിക്കുന്ന വ്യക്തിയുടെ യാത്രയ്ക്കിടെ സംഭവിച്ച ഈ അനിഷ്ട സംഭവം പാശ്ചാത്യ മാധ്യമങ്ങൾ പോലും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ബിബിസി, ഡെയ് ലി മെയിൽ തുടങ്ങിയവയെല്ലാം ഈ വിഷയം സജീവമായി ചർച്ച ചെയ്തു.
സംഭവത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വലിയ തർക്കങ്ങൾക്കിടയാക്കി.
സംസ്ഥാനം വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും സുരക്ഷാ വീഴ്ചയുണ്ടായെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്.
ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു.
പ്രതികൂലമായ കാലാവസ്ഥ കാരണം നിലയ്ക്കലിൽ ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ രാത്രി മുഴുവൻ യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കിയ താൽക്കാലിക ഹെലിപാഡിലാണ് ഈ സംഭവം ഉണ്ടായതെന്നും ഡെയ് ലി മെയിൽ എഴുതിയിട്ടുണ്ട്.