ബ്രസീലിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വി. മുരളീധരൻ പങ്കെടുക്കും

2012 മുതൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ പത്താം സമ്മേളനമാണ് റിയോ ഡി ജെനീറോയിൽ നടക്കുന്നത്
ബ്രസീലിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വി. മുരളീധരൻ പങ്കെടുക്കും

ന്യൂഡൽഹി: ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യയെ പ്രതിനിധീകരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് യോഗം. ജി20 അധ്യക്ഷ പദവി ബ്രസീൽ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മന്ത്രിതല യോഗമാണിത്.

2012 മുതൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ പത്താം സമ്മേളനമാണ് റിയോ ഡി ജെനീറോയിൽ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ബ്രസീൽ ഇന്ത്യയിൽ നിന്ന് ജി20 അധ്യക്ഷപദവി ഏറ്റെടുത്തത്.

ആഗോള സാഹചര്യങ്ങൾ സംബന്ധിച്ചും ആഗോള ഭരണപരിഷ്ക്കാരങ്ങളെക്കുറിച്ചുമുള്ള ചർച്ചകളിൽ മുരളീധരൻ സംസാരിക്കും. ഇന്ത്യ- ബ്രസീൽ - ദക്ഷിണാഫ്രിക്ക വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഇതിനു പുറമെ, സമ്മേളനത്തിനെത്തുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഉഭയകക്ഷി ചർച്ചയിലും പങ്കെടുക്കും.

"നീതിപൂർവമായ ലോകവും സുസ്ഥിര ഭൂമിയും' എന്ന വിഷയത്തിൽ അധിഷ്ഠിതമായ ബ്രസീലിന്‍റെ അധ്യക്ഷ പദവിക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുന്നു. സാമൂഹ്യ ഉൾക്കൊള്ളലും ദാരിദ്ര്യനിർമാർജനവും, ഊർജ പരിവർത്തനവും സുസ്ഥിര വികസനവും, ആഗോള ഭരണപരിഷ്ക്കാരങ്ങൾ എന്നിവയാണ് ബ്രസീൽ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ .

ഇന്ത്യയുടെ അധ്യക്ഷ പദവിക്ക് കീഴിൽ പ്രവർത്തിച്ച എല്ലാ ജി20 പ്രവർത്തന ഗ്രൂപ്പുകളും തുടരുന്നുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തന ഗ്രൂപ്പും "ജുഡിഷ്യറി 20' ഗ്രൂപ്പും ബ്രസീൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com