ചോദ്യത്തിന് കോഴ: ലോക്സഭാ ഐഡി പാസ്‌വേഡ് ഹിരാനന്ദാനിക്കു കൈമാറിയെന്ന് സമ്മതിച്ച് മഹുവ

ഹിരനന്ദാനി ഗ്രൂപ്പ് സിഇഒയായ ദർശൻ ഹിരാനന്ദാനി വ്യക്തിപരമായ സൗഹൃദത്തിന്‍റെ പേരിൽ തനിക്ക് കുറച്ചു ലിപ്സ്റ്റിക്കും ഐ ഷാഡോ അടക്കമുള്ള സൗന്ദര്യ വസ്തുക്കളും സമ്മാനമായി നൽകിയിട്ടുണ്ട്.
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ന്യൂഡൽഹി: ലോക്സഭാ ലോഗിൻ ഐഡി പാസ് വേഡ് വ്യാപാരിയായ ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന ആരോപണം ശരിയാണെന്ന് സമ്മതിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. എന്നാൽ ചോദ്യങ്ങൾക്കായി പണം വാങ്ങിയെന്ന ആരോപണം തെറ്റാണ്. ചോദ്യങ്ങൾ തയാറാക്കുന്നതിനായി ഹിരാനന്ദാനി ഗ്രൂപ്പിന് ഐഡി പാസ് വേഡ് കൈമാറിയെന്നത് സത്യമാണ്. എന്നാൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒടിപി നമ്പർ നൽകിയതിനു ശേഷം മാത്രമാണ്. തന്‍റെ ഫോൺ നമ്പറിലേക്കാണ് ഒടിപി നമ്പർ എത്തിയിരുന്നത്. അതു കൊണ്ടു തന്നെ മറ്റാരും ചോദ്യം അപ് ലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാണെന്നും മഹുവ പറയുന്നു.

ഹിരനന്ദാനി ഗ്രൂപ്പ് സിഇഒയായ ദർശൻ ഹിരാനന്ദാനി വ്യക്തിപരമായ സൗഹൃദത്തിന്‍റെ പേരിൽ തനിക്ക് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ഒരു സ്കാർഫും കുറച്ചു ലിപ്സ്റ്റിക്കും ഐ ഷാഡോ അടക്കമുള്ള സൗന്ദര്യ വസ്തുക്കളും മാത്രമാണവ. മുംബൈയിലായിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ കാർ താൻ ഉപയോഗിക്കാറുണ്ട്. അതല്ലാതെ പണം വാങ്ങിയിട്ടില്ലെന്നും മഹുവ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ മഹുവ വ്യക്തമാക്കി. താൻ ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിക്കുന്നവർ പണം എവിടെപ്പോയെന്ന് പറയണമെന്നും മഹുവ.

തനിക്ക് നൽകിയ ഔദ്യോഗിക വസതി താറുമാറായ അവസ്ഥയിലായിരുന്നു. അതിനാൽ ബംഗ്ലാവ് വീണ്ടും ഡിസൈൻ ചെയ്യുന്നതിനായി ഹിരാനന്ദാനിയെ സമീപിച്ചിരുന്നു. അതിനു സഹായകമായ ഡിസൈനുകളും മറ്റും അദ്ദേഹം നൽകി. എന്നാൽ ബംഗ്ലാവ് പുതുക്കി പണിഞ്ഞത് പൂർണമായും സർക്കാർ ചെലവിൽ ആയിരുന്നു. അതല്ലാതെ മറ്റേതെങ്കിലും വിധത്തിലുള്ള സഹായം തനിക്കു തന്നിട്ടുണ്ടെങ്കിൽ അതു തുറന്നു പറയാനും വിശദമായ രേഖകൾ നൽകാനും ഹിരാനന്ദാനിയോട് ആവശ്യപ്പെടുകയാണെന്നും മഹുവ പറഞ്ഞു.

മഹുവ മൊയ്ത്രി ലോക്സഭയിൽ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണം നിലവിൽ പാർലമെന്‍റിന്‍റെ എത്തിക്സ് കമ്മിറ്റി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപി എംപി നിഷികാന്ത് ദുബേ, അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈ എന്നിവർ കമ്മിറ്റിക്കു മുൻപാകെ മഹുവയ്ക്കെതിരേയുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com