
ന്യൂഡൽഹി: 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ. ലാംബയുടെ ഈ പ്രസ്താവന എഎപിയിൽ അസ്വസ്ഥതയ്ക്ക് ഇടയാക്കി.
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, ഡൽഹി പിസിസി പ്രസിഡന്‍റ് അനിൽ ചൗധരി എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് അൽക്കയുടെ പ്രതികരണമുണ്ടായത്.
ഡൽഹിയിലെ ഭരണകക്ഷിയും ഇന്ത്യ മുന്നണിയിലെ അംഗവുമാണ് എഎപി. അതിനാൽ തന്നെ അൽക്കയുടെ പ്രസ്താവന പാർട്ടിയിൽ അസ്വസ്ഥതയ്ക്ക് ഇടയാക്കി. രൂക്ഷമായ പ്രതികരിച്ച് എഎപി ദേശീയ വക്താവ് പ്രിയങ്ക കാക്കർ രംഗത്തെത്തിയിരുന്നു. സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിൽ ഇന്ത്യ മുന്നണിയുടെ അടുത്ത യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു.
എഎപി ഇടഞ്ഞാൽ അത് ഇന്ത്യ മുന്നണിയെ ബാധിക്കും. അതേസമയം, അൽക്കയുടെ പ്രതികരണത്തിനു പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. അത് അൽക്കയുടെ മാത്രം അഭിപ്രായമാണെന്നും സീറ്റ് പങ്കിടലിനെപ്പറ്റി ചർച്ച നടന്നിട്ടില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയാണ് നടന്നതെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ പറഞ്ഞു.