
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ കരുത്തുറ്റ മുഖമായ മലയാളി കെ. ജെ. ജോർജ് മന്ത്രിസഭയിലേക്ക്. ഇക്കുറിയും സർവജ്ഞനഗർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കെത്തുന്ന ജോർജ് മന്ത്രിസഭയിൽ സ്ഥാനമുറപ്പിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോട്ടയം ചിങ്ങവനത്തു വേരുകളുള്ള ജോർജിന്‍റെ രാഷ്ട്രീയക്കളരി കർണാടകയാണ്.
ചിങ്ങവനം സ്വദേശി കെ. ചാക്കോ ജോസഫിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച ജോർജിന്‍റെ കുടുംബം കർണാടകയിലെ കുടകിലേക്കു കുടിയേറി സ്ഥിരതാമസമാക്കുകയായിരുന്നു. കർഷക കുടുംബത്തിൽ നിന്നും കർണാടകയുടെ രാഷ്ട്രീയഭൂമിയിലേക്കു ചുവടുവയ്ക്കുന്നത് ഇരുപതാം വയസിൽ. യൂത്ത് കോൺഗ്രസിലൂടെയാണു രാഷ്ട്രീയ പ്രവേശം. പിന്നീട് കർണാടകയിലെ കോൺഗ്രസിന്‍റെ കരുത്തുറ്റ നേതാവായി ജോർജ് മാറി. പാർട്ടിയിലെ പല പ്രധാന സ്ഥാനമാനങ്ങളും അലങ്കരിച്ചു.
ആറാം തവണയാണു സർവജ്ഞനഗറിൽ നിന്നും ജോർജ് ജനവിധി തേടി വിജയിച്ചു കയറുന്നത്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ചു മുന്നേറിയ ജോർജ് 1985-ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1994-ൽ മുൻ മുഖ്യമന്ത്രി ബംഗാരപ്പയോടൊപ്പം കോൺഗ്രസ് വിട്ടെങ്കിലും 1999ൽ തിരികെയെത്തി. കുമാരസ്വാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിട്ടുണ്ട്. വാണിജ്യ-വ്യവസായ മന്ത്രിസ്ഥാനത്തും എത്തി. 2008 മുതൽ സർവജ്ഞനഗറാണു കെ. ജെ. ജോർജിന്‍റെ മണ്ഡലം. ഇതുവരെ അവിടുത്തെ ജനങ്ങൾ കൈവിട്ടിട്ടുമില്ല. ഇക്കുറി അമ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണു ജോർജ് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നത്.
ജോർജിനെ കൂടാതെ യു.ടി. ഖാദർ (മംഗളൂരു മണ്ഡലം), എൻ.എ. ഹാരിസ് (ശാന്തിനഗർ) എന്നിവരാണു വിജയിച്ച മലയാളികൾ. ഹൊംനാബാദിൽ ജെഡിഎസിനുവേണ്ടി മത്സരിച്ച സി.എം. ഫായിസ്, ശാന്തിനഗറിലെ എഎപി സ്ഥാനാർഥി കെ. മത്തായി എന്നിവർ പരാജയപ്പെട്ടു. മുന്‍ മന്ത്രിയും മലയാളിയുമായ സി.എം. ഇബ്രാഹിമിന്റെ മകനാണ് സി.എം. ഫായിസ്.
മംഗളൂരുവിൽ അഞ്ചാം തവണയാണ് കോൺഗ്രസ് സ്ഥാനാർഥി യു.ടി. ഖാദർ ഫരീദിന്റെ വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർഥിയായ ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്.
നാലപ്പാട് അഹമ്മദ് ഹാരിസെന്ന എന്‍.എ. ഹാരിസ് ശാന്തി നഗര്‍ മണ്ഡലത്തില്‍ 61030 വോട്ടുകൾ നേടിയാണു വിജയിഎതിരാളി ബിജെപിയുടെ കെ. ശിവകുമാറിന്റെ നേട്ടം 53905 വോട്ടുകളിലൊതുങ്ങി. 2008 മുതൽ ശാന്തിനഗറിൽ നിന്നുള്ള എംഎൽഎയാണു ഹാരിസ്.