വോട്ടർപട്ടിക പരിഷ്കരണം: വിവരങ്ങൾ കണ്ടെത്താൻ പ്രയാസം, സമയപരിധി നീട്ടണമെന്ന് സിപിഎം

2002 വർഷത്തെ വോട്ടർപട്ടികയിലെ കുടുംബാംഗങ്ങളുടെ പേരുകൾ ഓൺലൈനിൽ തെരയുന്നത് അതീവ ദുഷ്കരമാണ്. ബിഎൽഒമാർ വോട്ടർമാരെ സഹായിക്കുന്നില്ലെന്നും പരാതി

ചെന്നൈ: നിലവിലെ വോട്ടർപട്ടികാ പരിഷ്കരണ പ്രക്രിയയുടെ (എസ്.ഐ.ആർ - SIR) ഭാഗമായി സമർപ്പിക്കേണ്ട ഫോമുകൾ നൽകാനുള്ള 2025 ഡിസംബർ 4 എന്ന സമയപരിധി നീട്ടണമെന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തമിഴ് നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയാണ് സിപിഎം.

2002 വർഷത്തെ വോട്ടർപട്ടികയിലെ കുടുംബാംഗങ്ങളുടെ പേരുകൾ ഓൺലൈനിൽ തെരയുന്നത് അതീവ ദുഷ്കരമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. നവംബർ 13 വരെ തമിഴ്നാട്ടിലെ ഏകദേശം 80 ശതമാനം വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രസ്താവനയിൽ സിപിഎം സംശയം രേഖപ്പെടുത്തി. എല്ലാ ആളുകൾക്കും ഫോമുകൾ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ഇടപെടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിവേദനത്തിൽ പാർട്ടി ആവശ്യപ്പെട്ടു.

"ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) ഈ ഫോമുകളുടെ വ്യാപ്തി പൂർണമായി മനസിലാക്കാനും അത് ആളുകൾക്ക് വിശദീകരിച്ചു കൊടുക്കാനും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് തന്നെ അവർ വോട്ടർമാരോട് സ്വന്തമായി ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, നിരക്ഷരരായ വോട്ടർമാർക്ക് ഫോമുകൾ പൂരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ, ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണം," സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം നിവേദനത്തിൽ പറയുന്ന.

തമിഴ്നാട് ചീഫ് ഇലക്റ്ററൽ ഓഫിസർ അർച്ചന പട്നായിക്കിനു മുൻപാകെ സമർപ്പിച്ച നിവേദനത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നുണ്ട്. ഷൺമുഖവും സംസ്ഥാന കമ്മിറ്റി അംഗം ഐ. അരുമുഖ നൈനാറും അർച്ചന പട്നായിക്കിനെ നേരിട്ട് സന്ദർശിച്ച്, നിലവിലുള്ള എസ്ഐആർ പ്രക്രിയയിൽ യോഗ്യരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

എസ്ഐആർ പ്രക്രിയയോട് തങ്ങൾക്ക് എതിർപ്പില്ലെങ്കിലും, തങ്ങളുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ആളുകൾക്ക് ആശങ്കയുള്ളതിനാൽ, ഈ വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികൾ പാർട്ടി പട്ടികപ്പെടുത്തി.

പ്രധാന ബുദ്ധിമുട്ടുകൾ:

  • 2002ലെ വോട്ടർപട്ടികയിൽ നിന്നുള്ള വോട്ടർമാരുടെ പേരുകൾ ഓൺലൈനിൽ തെരയുന്നത് അതീവ ദുഷ്കരമാണ്. പലപ്പോഴും ഈ ഡേറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല.

  • ഇത്തരം വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭ്യമല്ല, അല്ലെങ്കിൽ അത് ആളുകളുമായി പങ്കുവയ്ക്കാൻ അവർക്കു താത്പര്യമില്ല. അതിനാൽ ഫോമുകൾ പൂർണമായി പൂരിപ്പിക്കാൻ സാധ്യമല്ല.

  • പുതിയ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്യൂമറേഷൻ ഫോമുകളിൽ പൂരിപ്പിക്കാൻ അവസരമില്ല.

  • ഒക്റ്റോബർ 29നു നടത്തിയ യോഗത്തിൽ, ഫോമുകളിൽ ഫോട്ടോ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല.

  • മലമ്പ്രദേശങ്ങളിലെ ആളുകൾക്ക് ഫോമുകൾ വിതരണം ചെയ്തിട്ടില്ലെന്നും പരാതികളുണ്ട്.

  • ഓൺലൈനിൽ എസ്ഐആർ ഫോമുകൾ പൂരിപ്പിക്കുമ്പോൾ, 2002ലെ പട്ടികയിലെ പേരുകളിലെ തെറ്റുകൾ തിരുത്തിയാൽ, സോഫ്റ്റ്‌വെയർ അത് അനുവദിക്കുന്നില്ല.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com