ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

പ്രമുഖരെ അണിനിരത്തി വിദ്യാധിരാജോത്സവം; പൈതൃകത്തിലും വിദ്യാഭ്യാസത്തിലും സാമൂഹിക പ്രതിബദ്ധതയിലും ഊന്നി ആഗോള നായർ സമൂഹത്തിന്‍റെ പ്രതിജ്ഞ
Global Nair Summit concludes

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര സഹമന്ത്രി ശ്രീപദ് യശോ നായിക്, ആധ്യാത്മിക ഗുരു ബ്രഹ്മർഷി ഡോ. മോഹൻജി, ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിന്‍റെയും അമൃത വിശ്വ വിദ്യാപീഠത്തിന്‍റെയും അഡ്മിനിസ്ട്രേറ്റീവ് ഡയറക്റ്റർ സ്വാമി നിജാമൃതാനന്ദ പുരി എന്നിവർ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്

Updated on

ന്യൂഡൽഹി: ഗ്ലോബൽ നായർ ഉച്ചകോടി 2026-ഉം വിദ്യാധിരാജോത്സവം സമാപന സമ്മേളനവും ഞായറാഴ്ച ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലെ മാവ്‌ലങ്കർ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സംസ്കാരം, വിദ്യാഭ്യാസം, ആധ്യാത്മികത, സാമൂഹിക സേവനം എന്നിവയ്ക്കായി സമർപ്പിതമായ ഒരു പൊതു വേദിയിൽ പ്രമുഖ വ്യക്തിത്വങ്ങളെയും ആഗോള നായർ സമൂഹത്തിന്‍റെ പ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവന്ന പരിപാടിയായിരുന്നു ഇത്.

ഗ്ലോബൽ നായർ സേവാ സമാജം, എൻഎസ്എസ് ഡൽഹിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള സാമൂഹിക നേതാക്കൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര സഹമന്ത്രി ശ്രീപദ് യശോ നായിക്, ആധ്യാത്മിക ഗുരു ബ്രഹ്മർഷി ഡോ. മോഹൻജി, ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിന്‍റെയും അമൃത വിശ്വ വിദ്യാപീഠത്തിന്‍റെയും അഡ്മിനിസ്ട്രേറ്റീവ് ഡയറക്റ്റർ സ്വാമി നിജാമൃതാനന്ദ പുരി എന്നിവർ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Global Nair Summit concludes

ഡൽഹിയിൽ മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

ഡൽഹി എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രമല്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ആദിശങ്കരനെയും ചട്ടമ്പി സ്വാമികളെയും പോലുള്ള മഹാത്മാക്കൾ ജനിച്ച നാടാണ് കേരളമെന്നും, അതുകൊണ്ടു തന്നെ 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന വിശേഷണം അർഥവത്താണെന്നും അവർ പറഞ്ഞു. സമുദായത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ഉന്നമനത്തിനു നൽകിയ സംഭാവനകളുടെ സ്മരണയ്ക്കായി, ഭാരത കേസരി മന്നത്ത് പത്മനാഭന്‍റെ ഒരു പ്രതിമ ഡൽഹിയിൽ സ്ഥാപിക്കാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അമൃത വിശ്വ വിദ്യാപീഠവുമായി അഫിലിയേറ്റ് ചെയ്ത ശ്രീ വിദ്യാധിരാജ വിദ്യാപീഠം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു ഉച്ചകോടിയിലെ ഒരു പ്രധാന ഹൈലൈറ്റ്. ബ്രഹ്മർഷി ഡോ. മോഹൻജിയുടെ സാന്നിധ്യവും പ്രഭാഷണവും പരിപാടിയുടെ ആധ്യാത്മിക തലത്തിന് കൂടുതൽ കരുത്തേകി. അദ്ദേഹത്തിന്‍റെ അനുഗ്രഹാശിസുകളോടെയാണ് പരിപാടി സമാപിച്ചത്.

ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്കപ്പുറം നായർ സമുദായത്തെ ബന്ധിപ്പിക്കുന്ന അർഥവത്തായ ഒരു ആഗോള വേദി സൃഷ്ടിക്കുകയാണ് ഗ്ലോബൽ നായർ ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. സാംസ്കാരിക പൈതൃകത്തോടുള്ള പ്രതിബദ്ധത പുതുക്കിക്കൊണ്ടും, അറിവിനും സേവനത്തിനും കൂട്ടായ ഉത്തരവാദിത്തത്തിനും ഊന്നൽ നൽകിക്കൊണ്ടുമാണ് ഗ്ലോബൽ നായർ ഉച്ചകോടി 2026-ഉം വിദ്യാധിരാജോത്സവവും സമാപിച്ചത്.

logo
Metro Vaartha
www.metrovaartha.com