പാർലമെന്‍റ് പ്രത്യേക സമ്മേളനം: 17ന് സർവകക്ഷിയോഗം

സർവകക്ഷിയോഗത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്ത് എല്ലാ പാർട്ടി നേതാക്കൾക്കും ഇമെയിൽ വഴി അയച്ചതായി മന്ത്രി എക്സിലൂടെ അറിയിച്ചു.
പുതിയ പാർലമെന്‍റ് മന്ദിരം.
പുതിയ പാർലമെന്‍റ് മന്ദിരം.File
Updated on

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി സെപ്റ്റംബർ 17ന് സർവ കക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. 18നാണ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം തുടങ്ങുന്നത്. പാർലമെന്‍റ്കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സർവകക്ഷിയോഗത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്ത് എല്ലാ പാർട്ടി നേതാക്കൾക്കും ഇമെയിൽ വഴി അയച്ചതായി മന്ത്രി എക്സിലൂടെ അറിയിച്ചു. ഓഗസ്റ്റ് 31നാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതായി പ്രഹ്ളാദ് ജോഷി പ്രഖ്യാപിച്ചത്.

എന്നാൽ സമ്മേളനത്തിലെ അജണ്ടയെക്കുറിച്ച് യാതൊരു സൂചനകളും നൽകിയിരുന്നില്ല. അതേത്തുടർന്ന് പാർലമെന്‍റ് സമ്മേളനത്തിലെ തീരുമാനങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ കനത്തിരുന്നു. ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്, യൂണിഫോം സിവിൽ കോഡ്. വനിതാ സംവരണ ബിൽ എന്നിവയ്ക്കു പുറമേ രാജ്യത്തിന്‍റെ പേര് ഭാരതം എന്നാക്കി മാറ്റാൻ സാധ്യത എന്നതടക്കമുള്ളവ അഭ്യൂഹങ്ങളിൽ ഇടം പിടിച്ചിരുന്നു. പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിലായിരിക്കുമെന്നും സൂചനകളുണ്ട്. സമ്മേളനത്തിലെ അജണ്ട പുറത്തു വിടാത്തതിനെതിരേ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com