ബിരുദധാരിയായ ഭാര്യയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് ഭര്‍ത്താവ്
Symbolic Image
Symbolic Image

ന്യൂഡല്‍ഹി: ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. ബിരുദമുള്ളതിനാല്‍ ഭാര്യക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യ ബിരുദധാരിയാണെന്നത് നിഷേധിക്കാനാവില്ലെന്നും അവര്‍ക്ക് നിലവില്‍ ജോലി ലഭിച്ചിട്ടില്ലെന്നും കുടുംബ കോടതി നിശ്ചയിച്ച ഇടക്കാല ജീവനാംശത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യ ബിരുദമോ ബിരുദാന്തര ബിരുദമോ നേടിയതുകൊണ്ട് മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാകണം എന്നില്ല. ഭര്‍ത്താവില്‍ നിന്ന് ഇടക്കാല ജീവനാംശം വാങ്ങിയെടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം മനഃപൂര്‍വം ജോലി ചെയ്യാത്തതാണ് എന്നും കരുതാനാവില്ലെന്നും ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, മെയിന്‍റനന്‍സ് തുക വര്‍ധിപ്പിക്കണമെന്ന ഭാര്യയുടെ ആവശ്യം കോടതി വിസമ്മതിച്ചു. എന്ത് കാരണം മൂലമാണ് തുക വര്‍ധിപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും വിഷയം കുടുംബ കോടതി ന്യായമായി പരിഗണിച്ചിട്ടുണ്ടെന്നും അതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍, ഭര്‍ത്താവ് ഇടക്കാല ജീവനാംശം നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രതിദിനം 1,000 രൂപ പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കുകയും പകരം പ്രതിവര്‍ഷം 6 ശതമാനം പലിശ ഭാര്യയ്ക്ക് നല്‍കാനും നിര്‍ദേശിച്ചു. വ്യവഹാരച്ചെലവുകള്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രതിദിനം 550 രൂപ പിഴ ചുമത്തുന്നതും മാറ്റിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com