തരൂരിനും ഗ്രാമർ മിസ്റ്റേക്കോ? അതും പ്രധാനമന്ത്രിക്കുള്ള പിറന്നാൾ ആശംസയിൽ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ട് ശശി തരൂർ ചെയ്ത ട്വീറ്റിൽ വ്യാകരണപ്പിശക് കണ്ടുപിടിച്ച് വായനക്കാർ!
Grammar mistake in Shashi Tharoos's birthday with to PM Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ശശി തരൂർ എംപിയുടെ ട്വീറ്റ്.

https://x.com/ShashiTharoor

Updated on

സങ്കീർണമായ ഇംഗ്ലീഷ് ഭാഷാ ശൈലികളും അത്യപൂർവമായ വാക്കുകളും കൊണ്ട് സോഷ്യൽ മീഡിയയെ വിരൽത്തുമ്പിൽ നിർത്തുന്ന ശശി തരൂരിനും ഒടുവിൽ അബദ്ധം പറ്റിയിരിക്കുന്നു! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആശംസയിലെ വ്യാകരണത്തെറ്റ് ചൂണ്ടിക്കാണിച്ചവരോട്, ''അയ്യോ, ഇടയ്ക്കിടെ എനിക്കും പറ്റാറുണ്ട്'' എന്ന മട്ടിൽ തമാശയായി പ്രതികരിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ്.

എക്സിൽ പോസ്റ്റ് ചെയ്ത ആശംസാക്കുറിപ്പിൽ 'on his 76th birthday' എന്ന് എഴുതേണ്ടിടത്ത് 'in his 76th birthday' എന്ന് വന്നത് സോഷ്യൽ മീഡിയയിലെ സൂക്ഷ്മദൃക്കുകൾ കണ്ടുപിടിച്ചു. എഴുതിയത് തരൂരായതുകൊണ്ട് ചിലപ്പോൾ എന്തെങ്കിലും കാര്യമുണ്ടാകുമെന്നു കരുതി ആദ്യമൊക്കെ പലരും മിണ്ടാതിരുന്നു. എന്നാൽ, അൽപ്പം വൈകിയാണെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് കമന്‍റുകൾ വന്നു തുടങ്ങി.

സംഗതി ഏറ്റെടുത്ത ഒരു എക്സ് (X) ഉപയോക്താവ്, ''ശശിജിക്ക് വ്യാകരണപ്പിശക് പറ്റിയിരിക്കുന്നു!! വിരൽ മാറി അമർന്നതായാൽ പോലും!'' എന്ന് കമന്‍റ് ചെയ്തു. പിറ്റേ ദിവസം തരൂരിന്‍റെ മറുപടിയും എത്തി. ''ആശംസയിലെ on എന്നത് in ആയി മാറിപ്പോയതാണ്. അയ്യോ, ഇതൊക്കെ എപ്പോഴും സംഭവിക്കാവുന്നതാണ്'' എന്നായിരുന്നു തെറ്റ് അംഗീകരിച്ചുകൊണ്ടുള്ള തരൂരിന്‍റെ മറുപടി.

തരൂരിന്‍റെ ഇംഗ്ലീഷ് അബദ്ധങ്ങൾ ആദ്യമായല്ല സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മുൻപൊരിക്കൽ വിമാനത്തിലെ ഇക്കോണമി ക്ലാസിനെ കാറ്റിൽ (കന്നുകാലി) ക്ലാസ് എന്നു വിശേഷിപ്പിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ മാസം നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെക്കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിൽ 'ഡ്രാമ' (drama) എന്ന വാക്ക് ഉപയോഗിച്ചതും വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവച്ചു. ദുരന്തത്തിന്‍റെ ഭീകരതയെ വിവരിക്കാൻ ആ വാക്ക് ഉപയോഗിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി.

ഒടുവിൽ 'നാടകീയമായ രംഗങ്ങൾ' എന്ന അർഥത്തിലാണ് താൻ ആ വാക്ക് ഉപയോഗിച്ചതെന്നും, തെറ്റിദ്ധരിക്കാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും” തരൂരിന് പിന്നീട് വിശദീകരണം നൽകേണ്ടി വന്നു. എങ്കിലും, ഇംഗ്ലീഷ് വിദ്വാന്മാർക്കും ചിലപ്പോഴൊക്കെ അക്ഷരത്തെറ്റുകളും ചെറിയ പിഴവുകളും പറ്റാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് തരൂരിന്‍റെ പുതിയ ഗ്രമാറ്റിക്കൽ ട്രോൾ അനുഭവം!

logo
Metro Vaartha
www.metrovaartha.com