#ജി. കിഷൻ റെഡ്ഡി, വടക്ക് കിഴക്കൻ മേഖലാ വികസന,സാംസ്കാരിക- ടൂറിസം മന്ത്രി
ചരക്കുകൾ കൊൽക്കത്തയിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ്, ദിബ്രു-സാദിയ റെയ്ൽവേയുടെ ആദ്യ തീവണ്ടി, വിദൂരസ്ഥങ്ങളായ തേയിലത്തോട്ടങ്ങളെ ബ്രഹ്മപുത്രയുമായി 1882ൽ ബന്ധിപ്പിച്ചത്. അതിനുശേഷം പതിറ്റാണ്ടുകളുടെ ശ്രമഫലമായി, ദിബ്രുഗഢിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാ സമയം 15 ദിവസത്തിൽ നിന്ന് 24 മണിക്കൂറായി കുറയ്ക്കാൻ റെയ്ൽവേയ്ക്ക് സാധിച്ചു.
എന്നിരുന്നാലും, 2014 വരെ, വടക്കുകിഴക്കൻ റെയ്ൽവേ എന്നത് പ്രാഥമികമായി ഇന്നത്തെ അസമിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു. വടക്കുകിഴക്കൻ മേഖലയിലുടനീളം റെയ്ൽവേയുടെ വ്യാപനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ 8 വർഷം നടത്തിയ തിളക്കമാർന്ന പ്രവർത്തനങ്ങൾക്ക് പിന്നിലെ ധീരതയും സ്ഥിരോത്സാഹവും തീർച്ചയായും എടുത്തു പറയേണ്ടതാണ്.
പുതിയ പ്രഭാതം: വടക്കുകിഴക്ക് അടിമുടി മാറ്റം
ഉപരിതല ഗതാഗതത്തിലെ ദ്രുതഗതിയിലുള്ള മുന്നേറ്റം ഏതൊരു പ്രദേശത്തിന്റെയും ത്വരിത വികസനത്തിന് കാരണമാകും. വടക്കുകിഴക്കൻ മേഖലയുടെ സമഗ്ര വികസനത്തിൽ ഇന്ത്യൻ റെയ്ൽവേ സുപ്രധാന പങ്ക് വഹിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന അവഗണനയും വികസനത്തിലെ പിന്നാക്കാവസ്ഥയും മറികടന്ന്, ഈ മേഖലയിലെ കണക്റ്റിവിറ്റിയ്ക്ക് കേന്ദ്ര സർക്കാർ അഭൂതപൂർവമായ മുൻഗണന നൽകി. ആ പ്രയത്നങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ റെയ്ൽവേ കഴിഞ്ഞ 9 വർഷത്തിനിടെ ഈ മേഖലയിൽ പുതിയ പാതകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് 50,000 കോടിയിലധികം രൂപ ചെലവഴിച്ചു. 80,000 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് ഇതിനോടകം അനുമതിയും നൽകിയിട്ടുണ്ട്.
മൂലധനച്ചെലവിലെ ഈ ശ്രദ്ധ എല്ലാ വടക്കുകിഴക്കൻ സംസ്ഥാന തലസ്ഥാനങ്ങളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന മൂലധന കണക്റ്റിവിറ്റി പദ്ധതി യാഥാർഥ്യമാകുമെന്ന് ഉറപ്പാക്കി. ഇതിന്റെ ഭാഗമായി 141 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ ബ്രിഡ്ജ്, ജിരിബാം - ഇംഫാൽ റെയ്ൽ പാത ഇന്ത്യ നിർമിക്കുന്നു. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് പൂർണ പിന്തുണയും വിഭവങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. 2009നും 2014നുമിടയിലെ പ്രതിവർഷ ചെലവായ 2,122 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ, ശരാശരി വാർഷിക ബജറ്റ് വിഹിതത്തിൽ 370 % വർധന ഉണ്ടായിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം ഇത് 9,970 കോടി രൂപയായി ഉയർന്നു.
വടക്കുകിഴക്കാൻ മേഖലയിലെ ഭൂപ്രകൃതി ഏതൊരു അടിസ്ഥാന സൗകര്യ വികസനത്തിനും കഠിനമായ വെല്ലുവിളികളാണ് ഉയർത്തുന്നത്. എന്നിരുന്നാലും, ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗവും ഈ മേഖലയുടെ ഏറ്റവും വിദൂര കോണുകളെപ്പോലും പുറംലോകവുമായി ബന്ധിപ്പിക്കുന്നു എന്ന് ഉറപ്പാക്കിയിട്ടുണ്ട്. 121 പുതിയ തുരങ്കങ്ങൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 10.28 കിലോമീറ്റർ ദൈർഘ്യമുള്ള, രാജ്യത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ തുരങ്കമായ ടണൽ നമ്പർ 12ഉം ഉൾപ്പെടുന്നു.
തൊഴിലവസരങ്ങൾ, യുവജന ശാക്തീകരണം
പ്രാദേശിക ബിസിനസ് സംരംഭങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും ഉത്തേജനമേകിക്കൊണ്ട്, നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ റെയ്ൽവേ 2022ൽ അസമിനും ഗോവയ്ക്കും ഇടയിൽ ആദ്യ പാഴ്സൽ കാർഗോ എക്സ്പ്രസ് ട്രെയ്ൻ ഓടിച്ചു. നാഗാലാൻഡിലും മണിപ്പുരിലും ഏറെ ആദരിക്കപ്പെടുന്ന ആത്മീയ നേതാവാണ് റാണി ഗൈദിൻ ലിയു. മണിപ്പുരിലെ തമെങ്ലോങ് ജില്ലയിലെ റാണി ഗൈദിൻ ലിയു റെയ്ൽവേ സ്റ്റേഷനിലേക്ക് ആദ്യ ചരക്ക് തീവണ്ടി കടന്നുചെന്നത് റാണിയ്ക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലിയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്ക് ആ പ്രദേശത്തിന്റെ വിപുലമായ വിനോദസഞ്ചാര സാധ്യതകൾ വ്യക്തമായി മനസിലാകും. ആകർഷകമായ പ്രകൃതിദൃശ്യങ്ങളും വന്യജീവികളും സംസ്കാരത്തിന്റെയും ഉത്സവങ്ങളുടെയും അതുല്യമായ പൈതൃകവും ആകർഷണീയ കാഴ്ചയൊരുക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയുടെ ശാന്തമായ പ്രകൃതിഭംഗി ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുകയെന്ന ലഷ്യത്തോടെ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയ്ൽവേ നിരവധി അത്യാധുനിക വിസ്റ്റാഡോം കോച്ചുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗോത്ര വിഭാഗക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കും സ്ത്രീകൾക്കുമുള്ള തൊഴിൽ സാധ്യകളും ഇതിലൂടെ വർധിക്കും.
മേഖലയിലെ യുവാക്കൾക്ക് വേണ്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റെയ്ൽവേ നിർണായക പങ്കുവഹിക്കുന്നു. കഴിഞ്ഞ 3 സാമ്പത്തിക വർഷങ്ങളിൽ മാത്രം, റെയ്ൽവേ 20,000ത്തിലധികം അവിദഗ്ധ തൊഴിലാളികളെ നിയോഗിക്കുകയും വിദഗ്ധ ജോലികൾക്കുള്ള ഒഴിവുകൾ സൃഷ്ടിക്കുകയും ചെയ്തു. അതുവഴി മേഖലയുടെ സാമൂഹിക- സാമ്പത്തിക ഭൂപ്രകൃതിക്ക് മികച്ച സംഭാവന നൽകി.
പ്രാദേശിക വിഭാഗങ്ങൾക്ക് അവരുടെ വാസസ്ഥലത്തോടു ചേർന്നു തന്നെ തൊഴിലവസരങ്ങൾ കണ്ടെത്താൻ അവസരമൊരുക്കുന്നത് കാലക്രമേണ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കുള്ള കുടിയേറ്റം തടയുകയും പ്രദേശത്തിന്റെ സംസ്കാരം, സ്വത്വം എന്നിവ സംരക്ഷിക്കുകയും ഭാവി തലമുറകൾക്കായി അതു കാത്തുസൂക്ഷിക്കാൻ ഇടയാക്കുകയും ചെയ്യും. സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കപ്പെട്ട യുവാക്കൾ വടക്കുകിഴക്കൻ മേഖലയ്ക്കും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും.
ആക്റ്റ് ഈസ്റ്റ് നയത്തിന്റെ പ്രവേശന കവാടം
ആഗോള തലത്തിൽ തന്നെ സമ്പദ്വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും ശക്തിയുടെയും പ്രഭവകേന്ദ്രമായി ഏഷ്യ മാറിയതിനാൽ 21ാം നൂറ്റാണ്ടിനെ ഏഷ്യയുടെ നൂറ്റാണ്ടെന്നാണ് വിശേഷിപ്പിക്കാറ്. ഈ ഉയർച്ചയുടെ എൻജിനായി മാറിയിരിക്കുന്നത് ഇന്ത്യയാണ്.
2014ൽ ഇന്ത്യയുടെ കിഴക്കൻ അയൽക്കാരുമായി മെച്ചപ്പെട്ട സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിൽ ശ്രദ്ധ ഊന്നി രൂപീകരിക്കപ്പെട്ട ഇന്ത്യയുടെ ""ലുക്ക് ഈസ്റ്റ് നയം'' കാലാന്തരത്തിൽ കൂടുതൽ ശക്തവും ഫലാധിഷ്ഠിതവും ഭൗമതന്ത്ര പ്രാധാന്യമുള്ളതുമായ ""ആക്റ്റ് ഈസ്റ്റ് നയ''മായി രൂപാന്തരപ്പെട്ടു. ഊർജസ്വലമായ ഈ നയം നടപ്പിലാക്കുന്നതിനുള്ള കവാടമായി വടക്കുകിഴക്കൻ മേഖല മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വേദികളിൽ പരാമർശിച്ചിട്ടുണ്ട്.
ഈ നയത്തിന്റെ ഉജ്വലമായ ഉദാഹരണമാണ് 1,100 കോടി രൂപയിലധികം ചെലവിട്ട് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മധ്യേ നിർമ്മിക്കുന്ന അഗർത്തല - അഖൗറ റെയ്ൽപ്പാത. ഇത് നമ്മുടെ കിഴക്കൻ അയൽക്കാരുമായുള്ള ചരിത്രപരമായ ബന്ധം റെയ്ൽ ഗതാഗതത്തിലൂടെ ഊട്ടിയുറപ്പിക്കുമെന്ന് മാത്രമല്ല, ഈ മേഖലയിലെ വളർച്ചയുടെയും സമൃദ്ധിയുടെയും പുതു യുഗത്തിന് തുടക്കമിടുകയും ചെയ്യും. വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയവും (DoNER) വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് ഈ പദ്ധതിക്ക് ധനസഹായം ഉറപ്പാക്കുന്നത്. ഇംഫാൽ റെയ്ൽപ്പാത മോറെ വരെ നീട്ടുകയും അവിടെ നിന്ന് മ്യാൻമർ റെയ്ൽവേയുമായി കേലേയിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതോടെ ഒരു ട്രാൻസ്- ഏഷ്യൻ റെയ്ൽവേ രൂപീകരിക്കപ്പെടും.
ഈ മേഖലയുടെ ഭൗമ- തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞും, ദേശസുരക്ഷ മുൻനിർത്തിയും അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഒരു റെയ്ൽ-റോഡ് ഇടനാഴി നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ബ്രഹ്മപുത്രാ നദിക്ക് കുറുകെ വെള്ളത്തിനടിയിലൂടെ ഇന്ത്യയിലെ ആദ്യ ജലാന്തർഭാഗ റെയ്ൽ തുരങ്കം നിർമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി വരെ കണക്റ്റിവിറ്റി ഉറപ്പാക്കാനും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളോട് പ്രതികരിക്കുമ്പോൾ കൃത്യതയോടെയും വേഗത്തിലും പ്രവർത്തിക്കാനും ഇത് വഴിയൊരുക്കും.
സൈനിക നീക്കത്തിനും സഹായകമാകും
അതേ മാതൃകയിൽ, 2017ൽ, വടക്കൻ അസമിനെയും കിഴക്കൻ അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന സുപ്രധാനവും തന്ത്രപ്രധാനവുമായ ധോല - സാദിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. നദിക്കു കുറുകെ നിർമിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലമാണിത്. യുദ്ധ ടാങ്കുകളുടെ ഭാരം താങ്ങാനും വടക്കുകിഴക്കൻ അതിർത്തികളിലേക്ക് സൈനികരെ വേഗത്തിലെത്തിക്കാനും ഇതിലൂടെ സാധിക്കും.
ഈ മേഖലയിലെ ശൃംഖല വിപുലീകരിക്കുന്നതിനായി ഇന്ത്യൻ റെയ്ൽവേ നവീനവും അത്യാധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. 2018ൽ, ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയ്ൽ-റോഡ് പാലമായ, അസമിലെ ബ്രഹ്മപുത്രാ നദിക്ക് കുറുകെയുള്ള ബോഗിബീൽ പാലം ഉദ്ഘാടനം ചെയ്തു. പാലം അസമിനും അരുണാചലിനും ഇടയിലുള്ള യാത്രാദൂരം 80% കുറയ്ക്കുകയും ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ ലോജിസ്റ്റിക് പിന്തുണ ഉറപ്പാക്കുകയും ചെയ്യും. റിക്റ്റർ സ്കെയിലിൽ 7.0 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ പോലും ചെറുക്കാൻ കഴിയുന്ന തരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുദ്ധവിമാനങ്ങൾ ഇറക്കാനും പാലം ഉപയോഗിക്കാം.
രാജപ്രൗഢിയോടെ വിരാജിക്കുന്ന ഹിമാലയവും ശക്തിശാലിയായ ബ്രഹ്മപുത്രയും വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പൗരന്മാരുടെയും ജീവിതത്തെ പരമ്പരാഗതമായി സ്വാധീനിച്ചു പോരുന്നു. മേഖലയുടെ വിദൂര കോണുകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതോടെ റെയ്ൽവേയും ഇപ്പോൾ ആ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ഈ മേഖലയിലെ വളർച്ചയും വികസനവും 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഉജ്വല സംഭാവനകൾ നൽകും.
ഐശ്വര്യപൂർണമായ ഇന്ത്യ കെട്ടിപ്പടുക്കണമെങ്കിൽ വടക്കുകിഴക്കൻ മേഖലകളുടെ വികസനത്തിന് മുൻഗണന നൽകണമെന്നും, റെയ്ൽവേ തീർച്ചയായും ഈ സാമ്പത്തിക വളർച്ചയുടെ നിർണായക ഘടകമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. 9 വർഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രിയുടെ ഒരു ദർശനത്തെ യാഥാർഥ്യത്തിലേക്ക് പരിവർത്തനം ചെയ്തിരിക്കുകയാണ്. ഈ പരിവർത്തന യാത്രയിൽ ഇന്ത്യൻ റെയ്ൽവേ ഒരു പ്രധാന പങ്ക് വഹിക്കുന്നു.