ബ്രിക്സ് തുണച്ചു; ആറ് വർഷത്തിനുശേഷം ഗുവാങ്ഷു-ഡൽഹി വിമാനസർവീസ് പുനരാരംഭിക്കുന്നു

വിമാനസർവീസ് സെപ്റ്റംബർ 21 മുതൽ പുനരാരംഭിക്കുമെന്ന് ചൈന സതേൺ എയർലൈൻ അറിയിച്ചു

Representative image

പ്രതീകാത്മക ചിത്രം

Huang Zongxing
Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമഗതാഗതം ശക്തമാകുന്നു. ചൈനയിലെ ഗുവാങ്ഷുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനസർവീസ് സെപ്റ്റംബർ 21 മുതൽ പുനരാരംഭിക്കുമെന്ന് ചൈന സതേൺ എയർലൈൻ ശനിയാഴ്ച അറിയിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെയാണ് വിമാനസർവീസ് പുനരാരംഭിക്കുന്ന വിവരം എയർലൈൻ പ്രഖ്യാപിച്ചത്. 2020ൽ കോവിഡിനെ തുടർന്നാണ് സർവീസ് നിർത്തിവച്ചത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ ലഡാക്കിൽ അതിർത്തി സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സർവീസ് പുനരാരംഭിക്കുന്നത് നീണ്ടുപോയി. നാല് വർഷം നീണ്ടുനിന്ന സംഘർഷം കഴിഞ്ഞവർഷം ഒക്റ്റോബറിലാണ് അവസാനിച്ചത്. ഇപ്പോൽ സർവീസ് വീണ്ടും ആരംഭിക്കാൻ പോകുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ വ്യോമഗതാഗതം ശക്തിപ്പെടാൻ പോകുന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തൽ.

2024ലും 2025ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലേക്ക് എത്തുന്നതിന് വഴിയൊരുക്കാൻ ഈ കൂടിക്കാഴ്ചകൾ സഹായിച്ചിട്ടുണ്ടെന്നാണ് വില‍യിരുത്തൽ. 2024 ഒക്റ്റോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് 2025ൽ ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചകൾക്ക് പിന്നാലെ നിരവധി ഇന്ത്യൻ, ചൈനീസ് വിമാനക്കമ്പനികൾ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസുകൾ പുനരാരംഭിച്ചിരുന്നു. ബെയ്ജിങ്-ന്യൂഡൽഹി സർ‌വീസും ഇത്തരത്തിൽ പുനരാരംഭിച്ച സർവീസുകളുടെ കൂട്ടത്തിലുണ്ട്. ഈ വർഷം മാർച്ചിൽ ഇൻഡിഗോ ഷാങ്ഹായി-കൊൽക്കത്ത പ്രതിദിന സർവീസ് ആരംഭിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com