200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിന്

കോടീശ്വരന്മാർ സർവം ത്യജിച്ച് ദീക്ഷ സ്വീകരിക്കുന്നത് ജൈന മതാനുയായികൾക്കിടയിൽ ഇതാദ്യമല്ല
200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിന്

സൂററ്റ്: "പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നു'മാണ് ധനമോഹത്തെക്കുറിച്ചു പൊതുവായ കാഴ്ചപ്പാട്. ഗുജറാത്തിലെ ശതകോടീശ്വരനും ജൈനമത വിശ്വാസിയുമായ ഭവേഷ് ഭായി ഭണ്ഡാരിയും ഭാര്യയും ചിന്തിച്ചത് പക്ഷേ, തികച്ചും വ്യത്യസ്തമായാണ്. സബർകാന്തയിലെ ഹിമ്മത്നഗറിൽ കെട്ടിട നിർമാണ രംഗത്തു പ്രവർത്തിക്കുന്ന ദമ്പതിമാർ 200 കോടി രൂപയുടെ സ്വത്തുകൾ ദാനം ചെയ്ത് സന്ന്യാസം തെരഞ്ഞെടുത്തു. ഇനി ഭിക്ഷയും പ്രാർഥനകളുമായി മോക്ഷമാർഗം തേടിയുള്ള യാത്ര.

2022ൽ ഭണ്ഡാരിയുടെ മകളും മകനും സന്ന്യാസം സ്വീകരിച്ചിരുന്നു. മകൾക്ക് അന്നു പ്രായം 19. മകന് 16. രണ്ടു വർഷം പിന്നിടുമ്പോൾ മക്കളുടെ പാത തന്നെ സ്വീകരിക്കുകയാണ് ജൈനമത വിശ്വാസികളായ മാതാപിതാക്കളും.

നാലു കിലോമീറ്റർ രാജകീയമായ യാത്ര നടത്തിയാണ് ഭണ്ഡാരിയും ഭാര്യയും ഭൗതിക സ്വത്തുക്കൾ ദാനം ചെയ്തത്. ഹിമ്മത് നഗർ നദീതീരത്ത് 22ന് ആരംഭിക്കുന്ന ചടങ്ങിൽ 35 പേർക്കൊപ്പമാണു ഭണ്ഡാരിയും ഭാര്യയും സന്ന്യാസ ദീക്ഷ സ്വീകരിക്കുക. കുടുംബബന്ധങ്ങൾക്ക് വിരാമം കുറിക്കുന്ന ചടങ്ങുകളും പൂർത്തിയാക്കും. പാദരക്ഷ പോലും അന്ന് ഉപേക്ഷിക്കും. രണ്ടു വെള്ള വസ്ത്രങ്ങള്‍, ഭിക്ഷ സ്വീകരിക്കുന്നതിനുളള ഒരു പാത്രം, ഒരു വിശറി, ഒരു ചൂല്‍ എന്നിവ മാത്രമാകും പിന്നീട് ഉപയോഗിക്കുക. അഹിംസ ജീവിതവ്രതമായി സ്വീകരിക്കുന്ന ജൈനസന്ന്യാസിമാർ ചൂൽ കൊണ്ട് നിലത്ത് മൃദുവായി തുടച്ച് പ്രാണികളെ നീക്കിയശേഷമേ ഇരിക്കാവൂ.

കോടീശ്വരന്മാർ സർവം ത്യജിച്ച് ദീക്ഷ സ്വീകരിക്കുന്നത് ജൈന മതാനുയായികൾക്കിടയിൽ ഇതാദ്യമല്ല. ഗുജറാത്തിലെ വജ്രവ്യാപാരിയുടെ ഒമ്പതു വയസുള്ള മകൾ ദേവാംശി സന്ന്യാസം സ്വീകരിച്ചത് നേരത്തേ മാധ്യമശ്രദ്ധ നേടിയിരുന്നു. 2017ൽ മധ്യപ്രദേശിലെ ശതകോടീശ്വരൻ സുമിത് രാത്തോഡും ഭാര്യ അനാമികയും മൂന്നു വയസുള്ള മകൾ അനാമികയുടെ സംരക്ഷണം കുടുംബാംഗങ്ങളെ ഏൽപ്പിച്ച് ദീക്ഷ സ്വീകരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com