
അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഗീതാ ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതോടെ ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക.
കാരണം വ്യക്തമാക്കാതെയായിരുന്നു ജസ്റ്റിസിന്‍റെ പിൻമാറ്റം. തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്‍റെ ഹർജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
വിധി സ്റ്റേ ചെയ്താൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും. അല്ലാത്ത പക്ഷം വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. 2019 ൽ കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കള്ളന്മാർക്കെല്ലാം മോദി എന്നാണ് പേരെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.