'അവില്‍പ്പൊതി' പോലെ വോട്ട്; പ്രതീക്ഷയോടെ കുചേലക്ഷേത്രം

കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പോര്‍ബന്ദറിലെ ബിജെപി സ്ഥാനാര്‍ഥി.
gujarat porbandar lok sabha election
gujarat porbandar lok sabha election

പോര്‍ബന്ദര്‍: രാജ്യത്തെ ഏറ്റവും ദരിദ്രനെയും മുന്നില്‍ക്കണ്ടുള്ള വികസനമാണു വേണ്ടതെന്ന് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു ഗാന്ധിജി. മഹാത്മാവിന്‍റെ ജന്മനാടായ പോര്‍ബന്ദറില്‍ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോള്‍ പുരാണകഥയിലെ ദരിദ്ര കഥാപാത്രമായ കുചേലന്‍റെ പേരില്‍ രാജ്യത്തുള്ള ഏക ക്ഷേത്രത്തിലേക്കും അധികൃതരുടെ കണ്ണുപതിയുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. കുചേലനു ശ്രീകൃഷ്ണന്‍ നല്‍കിയതുപോലുള്ള അനുഗ്രഹം കേന്ദ്ര സര്‍ക്കാരില്‍ നിന്നു സുദാമാ ക്ഷേത്രത്തിനും ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. സുദാമാ ക്ഷേത്രത്തിന്‍റെ പേരില്‍ അറിയപ്പെട്ടാല്‍ അതു നാടിന്‍റെ തലവര മാറ്റുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

സാന്ദീപനിയുടെ ഗുരുകുലത്തില്‍ ശ്രീകൃഷ്ണന്‍റെ ഗുരുകുല വിദ്യാഭ്യാസ കാലത്തെ സതീര്‍ഥ്യനായിരുന്നു കുചേലന്‍ എന്നും വിളിക്കപ്പെടുന്ന സുദാമാവ്. കാലങ്ങള്‍ക്കുശേഷം അവില്‍പ്പൊതിയുമായി തന്നെ സന്ദര്‍ശിക്കാനെത്തിയ കുചേലന് ശ്രീകൃഷ്ണന്‍റെ അനുഗ്രഹത്താന്‍ സമ്പത്തും ഐശ്വര്യവുമുണ്ടായെന്നാണ് പുരാണകഥയും വിശ്വാസവും. 1902-1907 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ഇപ്പോഴത്തെ സുദാമാ ക്ഷേത്രം. നഗരമധ്യത്തിലെ സുദാമാ ചൗക്കില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരം. 5,000ലേറെ പേരേ ഉള്‍ക്കൊള്ളാനാവുന്ന തുറന്ന മതൈാനം പോലുള്ള സുദാമാ ചൗക്കിലാണ് ഇവിടെ രാഷ്ട്രീയ കക്ഷികളുടേതടക്കം പൊതുപരിപാടികള്‍ നടക്കുന്നത്.

കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പോര്‍ബന്ദറിലെ ബിജെപി സ്ഥാനാര്‍ഥി. ദ്വാരകയും സോമനാഥും പോലെ ഏറെ വികസന സാധ്യതയുള്ളതാണു സുദാമാ ക്ഷേത്രമെന്നു പറയുന്നു ക്ഷേത്രത്തിലെ പ്രധാന പൂജാരിയും അമ്പതുകാരനുമായ മഹന്ത് രാജര്‍ഷി. 15 തലമുറയായി രാജര്‍ഷിയുടെ കുടുംബാംഗങ്ങളാണു ക്ഷേത്രത്തിലെ പൂജാരിമാര്‍.

ദിവസം 60-80 പേര്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. അവര്‍ നല്‍കുന്ന ദക്ഷിണയാണ് അച്ഛന്‍ രാജേന്ദ്ര രാംവത്തും അമ്മ മീരയും ഉള്‍പ്പെട്ട തന്‍റെ കുടുംബത്തിന്‍റെ ഉപജീവനമെന്നു പറഞ്ഞ രാജര്‍ഷി ക്ഷേത്രത്തില്‍ ശരിയായി വെളിച്ചവും വിശ്രമ സൗകര്യവും ഏര്‍പ്പെടുത്തുകയെന്നതാണ് പ്രാഥമിക ആവശ്യമെന്നു പറയുന്നു.

ദ്വാരകയിലേക്കും സോമനാഥിലേക്കും 100 കിലോമീറ്ററാണ് ഇവിടെ നിന്നു ദൂരം. മൂന്നു ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തി തീര്‍ഥാടക ഇടനാഴി രൂപീകരിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നു പ്രദേശവാസിയായ ദീപക് തൊഭനി ചൂണ്ടിക്കാട്ടി. നവീകരിച്ചാല്‍ വലിയ തോതില്‍ തീര്‍ഥാടന ടൂറിസം സാധ്യതയുള്ളതാണു ക്ഷേത്രമെന്നു സുദാമ ചൗക്കിലെ വ്യാപാരി ഹുസനൈ്‍ അബ്ബാസ് ഖത്രിയും പറയുന്നു.

ക്ഷേത്രത്തിന്‍റെ നവീകരണത്തിനു സഹായം തേടി മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിരവധി കത്തുകള്‍ അയച്ചിട്ടുണ്ടെന്നു പോര്‍ബന്ദറിലെ യുവമോര്‍ച്ച പ്രസിഡന്‍റ് സാഗര്‍ മോദി. പക്ഷേ, തീരുമാനമുണ്ടായിട്ടില്ല. എല്ലാവര്‍ക്കുമറിയാം ഇവിടെയാണു ഗാന്ധിജി ജനിച്ചതെന്ന്. എന്നാല്‍, സുദാമാവും ഇവിടെയുണ്ടെന്ന് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ അറിയൂ. ദ്വാരക, സോമനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ മാതൃകയില്‍ സുദാമാ ക്ഷേത്രവും നവീകരിച്ചാല്‍ ഈ നഗരത്തിന്‍റെ മുഖച്ഛായ മാറും. പ്രദേശത്തിന് ഗാന്ധി- സുദാമാ നഗരി എന്ന പേര് നല്‍കണമെന്നും സാഗര്‍ മോദി.

Trending

No stories found.

Latest News

No stories found.