
മോദിയുടെ ബീഹാർ സന്ദർശനത്തിന് മുൻപ് പട്‌നയിൽ വെടിവയ്‌പ്പ്; ആശങ്ക
പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിന് ഒരു ദിവസം ബാക്കി നിൽക്കെ, പറ്റ്നയിലെ അതീവ സുരക്ഷാ മേഖലയിൽ വെടിവയ്പ്പ്. ബൈക്കിലെത്തിയ അക്രമികൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങിയവരുടെ വസതികൾ സ്ഥിതി ചെയ്യുന്ന പോളോ റോഡ് പ്രദേശത്താണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും, സംഭവസ്ഥലം നിരവധി ഉന്നതരുടെ വസതികൾക്കരികെയായതോടെ അതീവ ജാഗ്രതയിലാണ് പൊലീസ്.
"വിവരം ലഭിച്ചതോടെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു പഴകിയ വെടിയുണ്ട കണ്ടെടുത്തു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, അപ്പാഷെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ രാഹുൽ എന്ന പ്രദേശവാസിയെ കൊള്ളയടിക്കാൻ ശ്രമിക്കുകയും ഇയാൾക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപെടുകയുമായിരുന്നു. ആർക്കും പരുക്കില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെടിവച്ചവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം നടക്കുകയാണ്." സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അനു കുമാരി പറഞ്ഞു.
വെടിവയ്പ്പ് നടന്ന സ്ഥലം മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെയും ഔദ്യോഗിക വസതികൾക്കു സമീപമാണ്. കൂടാതെ, വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ സിവാൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന സംഭവത്തിൽ വൻ സുരക്ഷാ ആശങ്കയാണ് ഉയർന്നത്. സംഭവത്തിൽ ബിഹാർ സർക്കാരിനെ വിമർശിച്ചുകൊണ്ട് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു.