

ഗുർമീത് റാം റഹീം സിങ്
ന‍്യൂഡൽഹി: ബലാത്സംഗക്കേസിൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. 40 ദിവസത്തേക്കാണ് ഗുർമീത് റാം റഹീമിന് പരോൾ അനുവദിച്ചിരിക്കുന്നത്.
നിലവിൽ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് റഹീം. കഴിഞ്ഞ വർഷം ജനുവരിയിലും ഓഗസ്റ്റിലും ഏപ്രിലിലും ഇയാൾക്ക് പരോൾ അനുവദിച്ചിരിന്നു. സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്.
16 വർഷങ്ങൾക്ക് മുൻപ് ഒരു മാധ‍്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുർമീത് പ്രതിയാണ്. ഈ കേസിൽ ഗുർമീതും മറ്റു മൂന്നു പേരും ശിക്ഷിക്കപ്പെട്ടിരുന്നു. കൊലപാതകം, ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർമീത്.