

ജ്ഞാനേഷ് കുമാറിന്‍റെ രാജി; വെള്ളിയാഴ്ചയും ഡൽഹിയിൽ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം തുടർച്ചയായ നാലാം ദിവസവും ഡൽഹിയിൽ നേരിട്ട് സമരത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രതിപക്ഷ എംപിമാർ പഴയ പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ഒത്തുചേരും. തുടർന്ന് സമരവേദി നിശ്ചയിക്കും.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ പ്രതിപക്ഷം അനുമതി തേടിയിട്ടുണ്ട്. എന്നാൽ അനുമതി ലഭിച്ചില്ലെങ്കിൽ മാർച്ച് നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫീസ്, രാഷ്ട്രപതി ഭവൻ, ഉപരാഷ്ട്രപതിയുടെ വസതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ വസതികൾ എന്നിവിടങ്ങളിൽ എവിടേക്കെങ്കിലും മാർച്ച് നടത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. രാഷ്ട്രപതിയെ കാണാൻ അനുമതി തേടി കത്ത് നൽകിയെങ്കിലും ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഡൽഹിയിൽ പൊലീസ് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. സെൻട്രൽ ഡൽഹിയിൽ 20,000ത്തിലധികം പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചു. പാർലമെന്‍റ്, കൊണാട്ട് പ്ലേസ്, ജന്തർ മന്തർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. പ്രധാന ജങ്ഷനുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.