'പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടി': ​ഗ്യാൻവാപി വിഷ‍യത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കേസിന്‍റെ എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്നും ഹിന്ദു വിഭാഗത്തോട് ജഡ്ജി
ഗ്യാൻവാപി മോസ്കും സമീപത്തുള്ള ക്ഷേത്രവും.
ഗ്യാൻവാപി മോസ്കും സമീപത്തുള്ള ക്ഷേത്രവും.

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളി വിഷയത്തിൽ തുടർച്ചയായി ഹർജികൾ നൽകുന്നതിനെതിരെ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് കോടതി വിമർശിച്ചു. കേസിന്‍റെ എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്നും ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹർജിയിലെ ഭേദഗതി കോടതി അനുവദിച്ചു. ബുധനാഴ്ച 10 മണിക്ക് ഹർജി വീണ്ടും പരിഗണിക്കും.

ഇതിനിടെ ഗ്യാൻവാപി പള്ളിയിലെ അടച്ചിട്ടിരിക്കുന്ന മറ്റു നിലവറകളിലും ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ (എഎസ്ഐ)യുടെ പരിശോധന ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചു. പളളിയുടെ തെക്കേ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിനു പിന്നാലെയാണു പുതിയ നീക്കം.

പള്ളിയിലെ ശൃംഗാര ഗൗരി പ്രതിഷ്ഠയിൽ എല്ലാ ദിവസവും പൂജ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിശ്വവേദിക് സനാതൻ സംഘിന്‍റെ സ്ഥാപകാംഗം രാഖി സിങ്ങാണ് മുഴുവൻ നിലവറകളിലും പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിഭാഷകൻ അനുപം ദ്വിവേദി വഴി സമർപ്പിച്ച ഹർജിയിൽ രഹസ്യ നിലവറകളുടെ രൂപരേഖയും സമർപ്പിച്ചു. ഇതു പരിശോധിച്ചാൽ മാത്രമേ പള്ളിയെക്കുറിച്ചുളള എല്ലാ സത്യങ്ങളും പുറത്തുവരൂ എന്നു ഹർജിയിൽ പറയുന്നു.

1993 വരെ പൂജ നടന്നിരുന്ന തെക്കേ നിലവറ (വ്യാസിന്‍റെ നിലവറ)യിലാണ് നിലവിൽ പൂജ പുനരാരംഭിക്കാൻ അനുമതി നൽകിയത്. ഇവിടെ കഴിഞ്ഞ ദിവസം ചടങ്ങുകൾ ആരംഭിച്ചിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസേബിന്‍റെ കാലത്ത് ഇവിടത്തെ ക്ഷേത്രം തകർത്തു നിർമിച്ചതാണു പള്ളിയെന്നാണ് ഹിന്ദു വിഭാഗത്തിന്‍റെ വാദം. അടുത്തിടെ എഎസ്ഐ നടത്തിയ പരിശോധനയിലും ഇതേക്കുറിച്ച് സൂചനയുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com