ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

ഡൽഹിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത ഇൻഫ്ലുവൻസ കേസുകളിൽ ഭൂരിഭാഗവും എച്ച്1എൻ1 ആണ്
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര അവലോകന യോഗം വിളിച്ചു. ഈ വർഷം ഡൽഹിയിൽ ഇതുവരെ ഏകദേശം 3,000 ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2,308 എണ്ണം എച്ച്1എൻ1 കേസുകളാണെന്ന് ഡൽഹി ആരോഗ്യമന്ത്രി പങ്കജ് കുമാർ സിങ് അറിയിച്ചു.

ആരോഗ്യവകുപ്പ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി കന്‍റോൺമെന്‍റ് ബോർഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആവശ്യത്തിന് ഡോക്റ്റർമാരും ജീവനക്കാരും മരുന്നുകളും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഡോക്റ്റർമാരുടെയോ ജീവനക്കാരുടെയോ മരുന്നുകളുടെയോ കാര്യത്തിൽ യാതൊരു പ്രശ്നവുമില്ല. മുഖ്യമന്ത്രി അടിയന്തര അവലോകന യോഗം വിളിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എല്ലാം നിയന്ത്രണത്തിലാണ്”- മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും രോഗിക്ക് കിടക്ക ലഭിച്ചില്ലെന്ന് പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ആശുപത്രിക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത ഇൻഫ്ലുവൻസ കേസുകളിൽ ഭൂരിഭാഗവും എച്ച്1എൻ1 ആണ്. ശേഷിക്കുന്ന കേസുകൾ ഇൻഫ്ലുവൻസയുടെ മറ്റ് വകഭേദങ്ങളാണ്.

സാധാരണയായി പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1എൻ1 അണുബാധയിൽ പനി, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. കടുത്ത പനി തുടർച്ചയായി നിലനിൽക്കുക, ശ്വാസതടസം, നെഞ്ചുവേദന എന്നിവ അനുഭവപ്പെടുകയോ രോഗലക്ഷണങ്ങൾ വഷളാകുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

logo
Metro Vaartha
www.metrovaartha.com