
അസിം മുനീർ, പാക്കിസ്ഥാൻ സൈനിക മേധാവി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പലസ്തീൻ ഭീകരസംഘടനയായ ഹമാസിനു ബന്ധമുണ്ടാകാം എന്ന ഇസ്രയേലിന്‍റെ ആരോപണം ഇന്ത്യ ഗൗരവമായെടുക്കുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ പഹൽഗാം ആക്രമണത്തിനു മുൻപ് ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വിവരം പുറത്തുവന്നതാണ് സംശയം ബലപ്പെടുത്തുന്നത്.
ഒക്റ്റോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നടത്തിയതിനു സമാനമായ ആക്രമണമാണ് ഇപ്പോൾ പഹൽഗാമിലും ഉണ്ടായിരിക്കുന്നത് എന്നാണ് ഇസ്രയേലിന്‍റെ വിലയിരുത്തൽ. അതിനാൽ, ഹമാസിന് ഇതിലുള്ള പങ്ക് പരിശോധിക്കണമെന്ന നിലപാടാണ് പ്രതിരോധ രംഗത്തെ പല വിദഗ്ധർക്കുമുള്ളത്.
നിഷ്കളങ്കരായ സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേലിലും ഇന്ത്യയിലും നടന്നിട്ടുള്ളതെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ ഭൂവൻ അസർ ചൂണ്ടിക്കാട്ടുന്നത്.
ആഗോള ഭീകര ശൃംഖലകൾ തമ്മിലുള്ള സഹകരണം വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാക് ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്‍റെ നേതാക്കളുമായും ഹമാസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു എന്നാണ് അസർ പറയുന്നത്.
പാക്കിസ്ഥാന്‍റെ കണ്ഠത്തിലെ ഞരമ്പാണ് പാക്കിസ്ഥാൻ എന്നും, അതൊരിക്കലും മറക്കാൻ കഴിയില്ലെന്നും പാക് സൈനിക മേധാവി കഴിഞ്ഞ ദിവസം പ്രസംഗവും നടത്തിയിരുന്നു.