
ലണ്ടൻ: മുൻ സോളിസിറ്റർ ജനറലും പ്രശസ്ത അഭിഭാഷകനുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി. ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ വച്ച് ഞായറാഴ്ചയായിരുന്നു ട്രീനയും സാൽവെയുമായുള്ള വിവാഹം. മുകേഷ് അംബാനി, നിത അംബാനി, ലളിത് മോദി, ഉജ്ജ്വല റൗത്ത്, സുനിൽ മിത്തൽ, ഗോപി ഹിന്ദുജ, എസ്പി ലോഹിയ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.
68കാരനായ സാൽവെ 1999 നവംബർ മുതൽ 2002 നവംബർ വരെയാണ് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ ആയിരുന്നത്. ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള മുപ്പതു വർഷം നീണ്ടു നിന്ന വിവാഹ ബന്ധം 2020 ജൂണിലാണ് വേർപെടുത്തിയത്. ഇരുവർക്കും സാക്ഷി, സാനിയ എന്നീ രണ്ടു മക്കളുമുണ്ട്. പിന്നീട് 2020 ഒക്റ്റോബറിൽ ലണ്ടനിലെ ചിത്രകാരിയായ കരോലിൻ ബ്രോസാർഡിനെ വിവാഹം കഴിച്ചു.