ഹത്രസിൽ‌ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 123 ആയി; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഭോലെ ബാബയെ കാണാൻ വേണ്ടി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നും ബാബയുടെ കാൽ പതിഞ്ഞ മണ്ണെടുക്കാൻ ചിലർ ശ്രമിച്ചതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്
hathras stampede tragedy 123 peoples died
ഹത്രസ് ദുരന്തം

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ സത്സംഗ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 123 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. ഫൂൽറായി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്കുശേഷമാണു സംഭവം. സകാർ വിശ്വ ഹരി, ഭോലെ ബാബ എന്ന പേരുകളിൽ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സകാർ ഹരിയുടെ നേതൃത്വത്തിലുള്ള പ്രാർഥനാ- പ്രഭാഷണ പരിപാടിയാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ കലാശിച്ചത്. മാനവ മംഗൾ മിലാൻ സദ്ഭാവനാ സംഗം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ അരലക്ഷത്തിലേറെ പേർ പങ്കെടുത്തിരുന്നു. സത്സംഗം അവസാനിച്ചശേഷം പങ്കെടുത്തവർ മടങ്ങുമ്പോഴായിരുന്നു തിക്കും തിരക്കുമുണ്ടായതെന്നു പൊലീസ്. സത്സംഗവേദിയെക്കാൾ ഉയർന്നു നിൽക്കുന്ന റോഡിലേക്ക് കയറുന്നിടത്ത് ഓടയുണ്ടെന്നും ഇവിടെയുണ്ടായ തിരക്കാണ് അപകടമുണ്ടാക്കിയതെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

ഭോലെ ബാബയെ കാണാൻ വേണ്ടി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നും ബാബയുടെ കാൽ പതിഞ്ഞ മണ്ണെടുക്കാൻ ചിലർ ശ്രമിച്ചതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റവരെ ഹാഥ്‌രസിലും ഇറ്റയിലുമുള്ള ആശുപത്രികളിലേക്ക് മാറ്റി. മൃതദേഹങ്ങളും വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് മരണങ്ങളെന്ന് അധികൃതർ. അരലക്ഷം പേർ പങ്കെടുത്ത പരിപാടിക്കു മുൻകൂർ അനുമതി വാങ്ങിയിരുന്നു. എന്നാൽ, 72 പൊലീസുകാർ മാത്രമാണ് ഇവിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.

സംഭവത്തിൽ യുപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും അനുശോചിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50000 രൂപയും അടിയന്തര സഹായം നൽകുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. യുപി മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയെയും സന്ദീപ് സിങ്ങിനെയും തുടർനടപടികൾക്കായി ഹാഥ്‌രസിലേക്ക് അയച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും സംഭവസ്ഥലത്തെത്തി.

ഭോലെ ബാബ

സകാർ വിശ്വഹരി, നാരായൺ സകാർ ഹരി, ഭോലെ ബാബ എന്ന പേരുകളിൽ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലുളള ബഹാദൂർ നഗരി സ്വദേശിയാണ്. താൻ ഐബിയിലെ മുൻ ജീവനക്കാരനാണെന്ന് ഇയാൾ പറയുന്നു. 26 വർഷം മുൻപ് സർക്കാർ ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്കു വന്നതാണെന്നും ഭോലെ ബാബ.

വെളുത്ത സ്യൂട്ടും ടൈയും ഷൂസുമാണ് ബാബയുടെ പതിവു വേഷം. ഇടയ്ക്ക് പൈജാമയും കുർത്തയും ധരിക്കും. ഭക്തർ നൽകുന്ന പണം അവർക്കു വേണ്ടി തന്നെയാണ് ചെലവഴിക്കുന്നതെന്നും ബാബ പറയുന്നു. പടിഞ്ഞാറൻ യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് അനുയായികളുണ്ട് ഭോലെ ബാബയ്ക്ക്.

Trending

No stories found.

Latest News

No stories found.