

കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി. വിവിധ ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികൾ നീക്കാൻ പൊലീസിന് നിർദേശം നൽകിയെന്നാരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തിയും ജസ്റ്റിസ് അതനുപ് ബാനർജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്.
ഹൂഗ്ലിയിലും മറ്റ് ജില്ലകളിലും മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കാൻ പൊലീസ് രേഖാമൂലമുള്ള ഉത്തരവോ വിജ്ഞാപനമോ ഇല്ലാതെ വാക്കാൽ നിർദേശം നൽകിയെന്നാണ് അഭിഭാഷകൻ ഡാനിഷ് ഫാറൂഖി സമർപ്പിച്ച ഹർജിയിലെ ആരോപണം. ഉച്ചഭാഷിണികളിൽനിന്നുള്ള ശബ്ദത്തിന്‍റെ ഡെസിബൽ പരിധി പരിശോധിക്കാതെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇസ്ലാം മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമായ ബാങ്ക് വിളി ഭരണഘടനയുടെ 25-ാം അനുച്ഛേദം നൽകുന്ന അവകാശത്തിന്‍റെ ഭാഗമാണെന്നും ഹർജിയിൽ പറയുന്നു.
ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി, ഔദ്യോഗിക നോട്ടീസ് നൽകാതെയാണ് പൊലീസ് മുസ്ലിം പള്ളി അധികൃതരിൽ സമ്മർദം ചെലുത്തിയതെന്നും ഏകദേശം 4,000 പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തതായും കോടതിയെ അറിയിച്ചു. അനുവദനീയമായ ഡെസിബൽ പരിധിക്കുള്ളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇത്തരത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ സുരജിത് നാഥ് മിത്രയോട് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടാൻ സമയം ആവശ്യപ്പെട്ട അഡ്വക്കേറ്റ് ജനറൽ, കേസ് അടുത്തയാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 18ന് കേസ് വീണ്ടും പരിഗണിക്കും.