

ജമ്മു കശ്മീരിൽ കനത്ത മഴ (ഫയൽ ചിത്രം)
ജമ്മു: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്ന് മിന്നൽപ്രളയവും ഉരുൾപൊട്ടലും ഉണ്ടായതോടെ എട്ടു പേർ മരിച്ചു. ആറു പേരെ കാണാതായി. പൂഞ്ച്, രജൗരി അതിർത്തി ജില്ലകളിലാണ് നാശനഷ്ടം.
പൂഞ്ച് ജില്ലയിലെ സുരൻകോട് തഹസിലിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഇവിടെയുള്ളവരാണ്. കനത്ത മഴയും റോഡുകൾ തകർന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ സുരൻകോട്ടിലെ ലോവർ മുറ്ര ഗ്രാമത്തിലെ ഒരു വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന എട്ടു പേരും മണ്ണിനടിയിൽപ്പെട്ടു. ബാനോ ബി (60), സോഫിയാൻ യാസർ (രണ്ട്) എന്നിവർ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ ആറുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുവീണ് 28കാരിയായ നാസിയ കൗസർ മരിച്ചു. ഭർത്താവ് മുഹമ്മദ് ഹഫീസിനെയും രണ്ടു മുതൽ ആറു വയസ് വരെ പ്രായമുള്ള മൂന്നു മക്കളെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗ്ലാനി-സുരൻകോട്ട് പ്രദേശത്ത് വീട് തകർന്നുവീണ് 22കാരനായ ഷഹ്സൈബ് അഹമ്മദ് മരിച്ചു. മാർഹോട്ട് പ്രദേശത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ട ഇറം എന്ന പെൺകുട്ടിയും മരിച്ചു. ധുന്ദക് ലത്തൂങ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. പൂഞ്ചിലെ ഹവേലി തഹസിലിൽ ഏകദേശം ആറോളം വീടുകൾ തകർന്നുവീണു ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
രജൗരി പട്ടണത്തിലും രാത്രി മുഴുവൻ പെയ്ത കനത്ത മഴയെ തുടർന്ന് മിന്നൽപ്രളയമുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെടുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്.
ജൂലൈ 23 വരെ ജമ്മു കശ്മീരിൽ കനത്ത മഴവരെ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് മുതൽ രജൗരി, പൂഞ്ച് ജില്ലകളിൽ തുടരുന്ന മഴയാണ് നദികളും തോടുകളും കരകവിഞ്ഞൊഴുകാൻ കാരണമായത്.
ഡൽഹിയിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സ്ഥിതിഗതികൾ ഗുരുതരമായ സാഹചര്യത്തിൽ സന്ദർശനം ചുരുക്കി ഞായറാഴ്ച ഉച്ചയോടെ ജമ്മുവിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.
അതേസമയം, ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.