

അമർനാഥ് യാത്ര
ശ്രീനഗർ: ജമ്മു കശ്മീരിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് അമർനാഥ് തീർഥാടനം താൽകാലികമായി നിർത്തിവെച്ചു. ഞായറാഴ്ച മുതൽ പഹൽഗാം, ബൽതാൽ എന്നീ രണ്ട് പ്രധാന പാതകളിലൂടെയും യാത്ര സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
കശ്മീരിലെ ബൽതാൽ, നുൻവാൻ/ചന്ദൻവാരി ബേസ് ക്യാമ്പുകളിൽ നിന്നും ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്നുമുള്ള തീർഥാടകരുടെ മുന്നോട്ടുള്ള യാത്ര ഇനി അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥാ വകുപ്പ് നൽകിയ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ നടപടിയെന്ന് അധികൃതർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് എല്ലാ ബേസ് ക്യാമ്പുകളിൽ നിന്നുമുള്ള അമർനാഥ് യാത്ര താൽകാലികമായി നിർത്തിവെച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
യാത്ര പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. പാതകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും കാലാവസ്ഥാ സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തുകയും ചെയ്ത ശേഷമായിരിക്കും യാത്ര പുനരാരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ മുതൽ കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു. വനമേഖലകളിൽ മേഘവിസ്ഫോടനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 19 മുതൽ 23 വരെ ജമ്മു കശ്മീരിൽ മിതമായതു മുതൽ വ്യാപകമായതുമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ഇതിനിടെ, ഇത്തവണത്തെ അമർനാഥ് യാത്ര ആരംഭിച്ചതിന് ശേഷം ഇതുവരെ 3.76 ലക്ഷത്തിലധികം തീർഥാടകർ ക്ഷേത്രത്തിൽ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു.