
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; കമ്പനിക്ക് ഗുരുതര വീഴ്ച
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ഹെലികോപ്റ്റർ പറക്കുന്നതിനായി നിശ്ചയിച്ച് നൽകിയ സമയത്തിന് 50 മിനിറ്റ് മുൻപ് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്ത് വരുന്നത്.
പ്രതികൂല കാലാവസ്ഥയാണെന്നറിഞ്ഞിട്ടും ഹെലികോപ്റ്റർ സർവീസ് നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയതത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി.
സംഭവത്തിൽ കമ്പനിയുടെ ഓപ്പറേഷണൽ മാനേജരടക്കം രണ്ടു പേര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഞായറാഴ്ച പുലർച്ചെ 5.20 നാണ് ഹെലികോപ്റ്റർ തകർന്ന് വീണത്.
കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
മരണപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.