സാങ്കേതിക തകരാർ; ഹെലികോപ്റ്റർ അടിയന്തരമായി നടുറോഡിൽ ഇറക്കി! | Video
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ നടുറോഡിലിറക്കി. രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നത്. സ്വകാര്യ ഹെലികോപ്റ്ററിലുണ്ടായിരുന്ന 5 യാത്രക്കാരും പൈലറ്റും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് നിയമ-ക്രമസമാധാന അഡീഷണൽ ഡയറക്റ്റർ ജനറൽ (എഡിജി) ഡോ. വി. മുരുകേശൻ പറഞ്ഞു.
സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് യാത്രക്കാരുമായി പറന്നുയർന്ന ക്രെസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹെലികോപ്റ്ററാണ് അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സൗകര്യമില്ലായിരുന്നെങ്കിലും വീതി കുറഞ്ഞ റോഡിലേക്ക് ഇറക്കേണ്ടിവന്നത്.
മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ച്, സാഹചര്യം പ്രൊഫഷനലായി കൈകാര്യം ചെയ്തതായി യുസിഎഡിഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പറഞ്ഞു.
അതേസമയം, ഹെലികോപ്റ്റർ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടിനും റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്റ്ററിന്‍റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായും വിവരമുണ്ട്.