ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളെജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർഥി അറസ്റ്റിൽ. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളെജിലാണ് സംഭവം. ബിടെക് അവസാന വര്‍ഷ വിദ്യാർഥിയായ വിജയ് കുമാറാണ് അറസ്റ്റിലായത്. വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികളും നാട്ടുകാരും രംഗത്തെത്തി. പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 7ന് ആരംഭിച്ച വിദ്യാർഥിപ്രതിഷേധം ഇന്നു രാവിലെ വരെ നീണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ലാപ്‌ടോപും പൊലീസ് കണ്ടുകെട്ടി. ഏകദേശം 300 ഫോട്ടോകളും വീഡിയോകളും ഇയാൾ പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളികാമറയിലൂടെ റെക്കോര്‍ഡ് ചെയ്ത വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ വിജയ് സഹപാഠികൾ ഉൾപ്പെടെ പലർക്കും വിറ്റതായും പണമിടപാടുകൾ നടന്നതായും പൊലീസ് പറയുന്നു. എങ്ങനെയാണ് പ്രതി വനിതാ ഹോസ്റ്റലിൽ ഒളികാമറ സ്ഥാപിച്ചത് എന്നും ഇതിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.