കർണാടക മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും

മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ മുതിർന്ന നേതാക്കളായ എസ്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ വടംവലി. ഇരുനേതാക്കളും അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ നിയമസഭാ കക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു
കർണാടക മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ മുതിർന്ന നേതാക്കളായ എസ്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ വടംവലി. ഇരുനേതാക്കളും അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ഇന്നലെ വൈകിട്ടു ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ അന്തിമതീരുമാനമായില്ല. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. ഇതോടെ, സംസ്ഥാന കോൺഗ്രസിൽ ശക്തരായ ഇരുനേതാക്കൾക്കും സ്വീകാര്യമായ ഫോർമുല കണ്ടെത്താനുള്ള ശ്രമത്തിലായി ദേശീയ നേതൃത്വം.

മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയ്ക്ക് എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്‍റെ പിന്തുണയുണ്ടെന്നാണ് സൂചന. സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും ജനകീയനായ നേതാവു കൂടിയായ സിദ്ധരാമയ്യ ഇതു തന്‍റെ അവസാന തെരഞ്ഞെടുപ്പാണെന്ന പ്രസ്താവന നടത്തി വിഷയം കൂടുതൽ വൈകാരികമാക്കിയിരുന്നു. എന്നാൽ, തകർന്നു പോയ സംഘടനയെ സജീവമാക്കിയ നേതാവാണു ശിവകുമാർ. സംസ്ഥാനത്ത് ഏറെ ശക്തമായ വൊക്കലിഗ വിഭാഗത്തിന്‍റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. ബിജെപിയെ ഉപേക്ഷിച്ച് ഇത്തവണ കോൺഗ്രസിനെ തുണച്ച ലിംഗായത്ത് വിഭാഗം നിഷ്പക്ഷ നിലപാടു സ്വീകരിച്ചതും ശിവകുമാറിന്‍റെ വാദത്തിന് കരുത്തുപകർന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ശിവകുമാറാണു യോഗ്യനെന്ന് ഇന്നലെ വൊക്കലിഗ വിഭാഗത്തിന്‍റെ പ്രധാന സന്ന്യാസിയായ ആദി ചുഞ്ചനഗിരി നിർമലാനന്ദ നാഥ സ്വാമി തുറന്നടിച്ചിരുന്നു.

എല്ലാ പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാരമുണ്ടാക്കുമെന്നും നേതാവിനെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ പ്രഖ്യാപിച്ചത്. ഇരുനേതാക്കൾക്കും അർഹമായ പരിഗണന നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് എഐസിസി നിരീക്ഷകരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബബാരിയ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭാ കക്ഷി യോഗം ചേർന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com