

മണിശങ്കർ അയ്യർ.
File
കോൽക്കത്ത: ഹിന്ദുത്വ എന്നത് മറ്റുള്ളവരെ അകാരണമായി ഭയക്കുന്ന ഭ്രാന്തമായ ചിന്താഗതിയെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. ഹിന്ദുയിസത്തിന് ഹിന്ദുത്വയിൽ നിന്നു സംരക്ഷണം വേണം. ഹിന്ദുത്വ ഹിന്ദു ഭൂരിപക്ഷത്തിൽ ഭയം നിറയ്ക്കുകയാണ്. 80 ശതമാനം വരുന്ന ഹിന്ദുക്കളിൽ 14 ശതമാനം മാത്രമുള്ള മുസ്‌ലിംകളെക്കുറിച്ചു ഭയം പടർത്തുകയാണു ഹിന്ദുത്വയെന്നും അയ്യർ.
കോൽക്കത്ത ക്ലബ്ബിൽ നടന്ന ഒരു പരിപാടിയിലാണ് അയ്യരുടെ പ്രസ്താവന. അന്ധയായ സ്ത്രീയെ ബിജെപി നേതാവ് തല്ലുന്നതും, ക്രിസ്മസിന് പള്ളിയിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിശന്ന ഗോത്രവംശജയായ പെൺകുട്ടിയെ പട്ടിണിക്കിടുന്നതുമെല്ലാം ഹിന്ദുത്വയാണ്. ബുദ്ധമതം ഹിന്ദുക്കളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നായിരുന്നു സവർക്കറുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുത്വം മഹത്തായ ആത്മീയതയാണ്. ഹിന്ദുത്വ ഒരു രാഷ്ട്രീയ ധാരയാണ്. 1923ലാണ് ഹിന്ദുത്വ അവതരിപ്പിക്കപ്പെട്ടത്. അതിനു മുൻപും ഹിന്ദുമതം പല പരീക്ഷണങ്ങൾ നേരിട്ടെങ്കിലും സ്വയം അതിജീവിച്ചെന്നും അയ്യർ.
ഹിന്ദുക്കളിൽ വേർതിരിവുണ്ടാക്കാനാണ് കോൺഗ്രസ് വീണ്ടും ശ്രമിക്കുന്നതെന്നു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഹിന്ദുക്കളെ വിഘടിപ്പിച്ചും ന്യൂനപക്ഷങ്ങളെ ഒന്നിപ്പിച്ചും വോട്ട് ബാങ്കുണ്ടാക്കുകയാണ് കോൺഗ്രസിന്‍റെ എക്കാലത്തെയും തന്ത്രമെന്നും അദ്ദേഹം.