പ്രാർഥനാനിർഭരം; അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ക്ഷേത്രത്തിൽ ഉയര്‍ത്തിയത്.
രാമന്‍റെയും സീതയുടെയും വിവാഹ പഞ്ചമിയോട് അനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടന്നത്.
ദേശീയ ഐക്യത്തിന്‍റെ തുടക്കമാണ് ഇതെന്നും, ഈ പതാക ഇനി ധർമ്മ പതാകയെന്ന് അറിയപ്പെടുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പതാക ഉയർത്തൽ ചടങ്ങിൽ ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം പങ്കെടുത്തു. പതാക ഉയര്‍ത്തലിന് മുന്നോടിയായി അയോധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോയിലും പങ്കെടുത്തു.
സാകേത് കോളേജിൽ നിന്ന് അയോധ്യ ധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിൽ എത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിനെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിരുന്നു. കൂടാതെ വിവിധ പിന്നോക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിരുന്നു. മുൻപ് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിൽ അടക്കം ബിജെപി തോറ്റിരുന്നു.
