‘ഗോവയിലേക്ക് ഹണിമൂണെന്ന് പറഞ്ഞിട്ട് പോയത് അയോധ്യ തീർത്ഥാടനത്തിന്’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

യാത്ര കഴിഞ്ഞ് മടങ്ങിയെത്തി 10 ദിവസത്തിന് ശേഷം യുവതി വിവാഹമോചനത്തിന് കേസ് കൊടുക്കുകയായിരുന്നു.
honeymoon ended in Ayodhya woman asked for a divorce
honeymoon ended in Ayodhya woman asked for a divorce

ഭോപ്പാല്‍: മധ്യപ്രദേശിൽ ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്തിട്ട് അയോധ്യയിലേക്കും വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചന ഹർജി നൽകി. 5 മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി 10 ദിവസത്തിന് ശേഷം ജനുവരി 19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പിപ്ലാനിയിൽ താമസിക്കുന്ന ഇരുവരും 2023 ഓഗസ്റ്റിലാണ് വിവാഹിതരായത്. ഭര്‍ത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്പളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിനും യാതൊരുവിധ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. എന്നാൽ മാതാപിതാക്കളെ നോക്കേണ്ടതുണ്ടെന്നും അതുകൊണ്ട് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും ഭര്‍ത്താവ് പറഞ്ഞതുകൊണ്ടാണ് താന്‍ ഗോവ യാത്രക്ക് സമ്മതിച്ചതെന്നും യുവതി പറയുന്നു.

എന്നാല്‍ ഗോവയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. കൂടാതെ യാത്രയുടെ തലേന്നാണ് ഭര്‍ത്താവ് ഇക്കാര്യം അറിയിക്കുന്നതെന്നും യുവതി പറയുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് മുന്‍പ് അയോധ്യ സന്ദര്‍ശിക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹമുള്ള കാര്യം അറിയിച്ചു.

ആ സമയത്ത് ഇതിനോട് എതിര്‍പ്പ് ഉന്നയിച്ചില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാൽ യാത്ര കഴിഞ്ഞെത്തി 10 ദിവസത്തിനു ശേഷം യുവതി വിവാഹമോചനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഇതേസമയം, ഭാര്യ ഈ വിഷയത്തിൽ വലിയ കോലാഹലം സൃഷ്ടിക്കുകയാണെന്നാണ് ഭർത്താവ് കുടുംബ കോടതിയിലെ കൗൺസിലർമാരോട് പറഞ്ഞത്. നിലവില്‍ ഭോപ്പാല്‍ കുടുംബകോടതിയില്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത് വരികയാണ് നവദമ്പതികള്‍.

Trending

No stories found.

Latest News

No stories found.