
തിരക്കുള്ള നഗരമധ്യത്തിൽ കുതിരകൾ തമ്മിൽ പോര്! ഓട്ടോയിൽ ചാടിക്കയറി കുടുങ്ങി | Video
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ നഗരമധ്യത്തിൽ കുതിരകൾ തമ്മിൽ ഏറ്റുമുട്ടി നാടകീയ രംഗങ്ങൾ. സംഭവത്തിൽ വന്‍ നാശനഷ്ടങ്ങൾ ഉണ്ടായതായും 2 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പോരിനിടയിൽ ഒരു കുതിര ഓട്ടോറിക്ഷയിൽ ചാടിക്കയറിയതോടെയാണ് ഡ്രൈവർക്കും യാത്രികനും പരിക്കേറ്റത്. ഏകദേശം 20 മിനിറ്റോളം കുടുങ്ങി കിടന്ന കുതിരയെ ഒടുവിൽ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. നാഗ്രത് ചൗക്കിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആളുകൾ കുതിരകളെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും ഇവ അടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.
കടയ്ക്ക് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പിന്നീട് അവിടന്നും കുതിരകൾ ഇറങ്ങിയോടി. ഇതിനിടെ ഇതിൽ ഒന്ന് യാത്രക്കാരനുമായി പോയ ഇ- റിക്ഷയിലേക്ക് ചാടിക്കയറി. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർക്കും ഒരു യാത്രികനും ഗുരുതരമായി പരിക്കേറ്റു. പിന്നീട് നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. അക്രമണത്തിൽ ഇരു കുതിരകൾക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, നഗരമധ്യത്തിൽ അലഞ്ഞുതിരിയുന്ന കുതിരകളുടെ എണ്ണം കൂടിവരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിലും സമാന സംഭവങ്ങൾ നടന്നതായി പ്രദേശവാസികൾ പറയുന്നു. ഇത്തരം സംഭവങ്ങളിൽ കുതിരകളുടെ ഉടമകൾക്ക് ഉത്തരവാദിത്വം നിർണ്ണയിക്കണമെന്നും ഭാവിയിൽ ഇത്തരത്തിലൊരു ദുരന്തം ആവർത്തിക്കപ്പെടാതിരിക്കാൻ നഗരം മുഴുവൻ അലയുന്ന കുതിരകളെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസിയായ മെഹ്മൂദ് പ്രതികരിച്ചു.