

വെയ്റ്ററുടെ കരണത്തടിച്ചു; അതിഥിയെ ജീവിതാന്ത്യം വരെ വിലക്കി ആഗ്രയിലെ ഹോട്ടൽ
MV graphics
ആഗ്ര: ജീവനക്കാരന്‍റെ കരണത്തടിച്ച അതിഥിയെ ജീവിതകാലത്തേക്ക് വിലക്കിയെന്ന് വെളിപ്പെടുത്തി ആഗ്രയിലെ ഹോട്ടൽ മാനേജ്മെന്‍റ്. ഹോട്ടൽ താജ് ആഗ്രയാണ് എന്നെന്നേക്കുമായി അതിഥിയെ വിലക്കിയതെന്ന് സിൻസിയർ ഡെവലപ്പേഴ്സ് ജോയിന്‍റ് മാനേജിങ് ഡയറക്റ്റർ പരിതോഷ് ലാധാനി പറയുന്നു. ലിങ്കെഡിനിലാണ് ഇക്കാര്യം വിശദമായി പങ്കു വച്ചിരിക്കുന്നത്. ആഗ്രയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നു വരുന്ന കാന്തി എന്ന വെയ്റ്ററാണ് അപമാനിക്കപ്പെട്ടത്. ഞങ്ങളുടെ റസ്റ്ററന്‍റിൽ അതിഥിയെ സേവിക്കുകയായിരുന്നു കാന്തി. അയാൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. അതു കൊണ്ട് അതിഥിയോട് സംസാരിച്ചപ്പോൾ ആശയ വിനിമയത്തിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് അതിഥി എഴുന്നേറ്റ് കാന്തിയുടെ കരണത്തടിച്ചത് വല്ലാത്ത ഞെട്ടലുണ്ടാക്കിയെന്നാണ് ലധാനി കുറിക്കുന്നത്.
ജോലി ചെയ്തു കൊണ്ടിരുന്ന ഒരാളെ ശാരീരികമായി ഉപദ്രവിക്കുകയാണ്. എന്നാൽ കാന്തി മൗനം പാലിച്ചു. തന്നെ ഉപദ്രവിച്ചതിനെക്കുറിച്ച് മാനേജ്മെന്‍റിന് പരാതി നൽകാൻ പോലും കാന്തി തയാറായിരുന്നില്ല. എന്തു കൊണ്ട് പരാതി നൽകുന്നില്ലെന്ന് ചോദിച്ചപ്പോൾ തനിക്ക് ഈ ജോലി വളരെ വിലപ്പെട്ടതാണെന്നും അപമാനം സഹിച്ചാലും ജോലി നഷ്ടപ്പെടുത്താൻ തയാറല്ലെന്നുമായിരുന്നു കാന്തിയുടെ മറുപടി. പക്ഷേ സംഭവത്തിൽ മാനേജ്മെന്‍റ് അന്വേഷണം നടത്തി.
തെറ്റ് അതിഥിയുടേതാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ എന്നെന്നേക്കുമായി ഹോട്ടലിൽ നിന്ന് വിലക്കുകയും ചെയ്തു. ഹോട്ടലിന്‍റെ നേതൃസ്ഥാനത്തിനിരിക്കുന്ന ഒരാൾ എന്ന നിലയിൽ നിങ്ങൾ എത്ര സമ്പന്നനാണെന്നതോ, എത്ര സ്വാധീനം ഉള്ളയാൾ ആണെന്നതോ , എത്ര രൂപ ഹോട്ടലിൽ ചെലവാക്കുന്നതോ എന്നതോ എനിക്കൊരു പ്രശ്നമല്ല. എന്‍റെ ടീമിലെ ഒരാളെയും ശാരീരികമായി ഉപദ്രവിക്കാൻ മാത്രമല്ല അപമാനിക്കാനും നിങ്ങൾക്കാർക്കും അവകാശമില്ലെന്നാണ് ലാധാനി കുറിച്ചിരിക്കുന്നത്. പോസ്റ്റിനടിയിൽ നിരവധി പേരാണ് അനുകൂലിച്ചു കൊണ്ട് അഭിപ്രായം പങ്കു വച്ചിരിക്കുന്നത്.