

ഭാര്യയ്ക്ക് തെരുവുനായകളോട് അമിത സ്നേഹം; വിവാഹ മോചനം ആവശ്യപ്പെട്ട് 41 കാരൻ
file image
അഹമ്മദാബാദ്: ഭാര്യയുടെ തെരുവുനായ സ്നേഹം മൂലം തന്‍റെ ജീവിതം നശിച്ചെന്നും വിവാഹമോചനം നൽക്കണമെന്നും ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി. 41 കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടിലേക്ക് തെരുവുനായകളെ കൊണ്ടുവന്നത് മുതൽ തന്‍റെ മനസമാധാനം നഷ്ടപ്പെട്ടെന്നും സമൂഹത്തിൽ അപമാനിതനായെന്നും ഹർജിയിൽ പറയുന്നു.
ആദ്യം ഒരു തെരുവുനായയെയും പിന്നീട് നിരവധി തെരവുനായകളെയും ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നു. നായവളർത്തലിന് വിലക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ഭാര്യ നായകളെ കൊണ്ടുവന്നത്. നായകൾക്ക് ഭക്ഷണം തയാറാക്കാനും അവയെ വൃത്തിയാക്കാനും തന്നെ നിർബന്ധിച്ചു. കിടപ്പു മുറയിലേക്ക് കൊണ്ടുവന്ന ഒരു തെരുവുനായ തന്നെ കടിച്ചെന്നും 41കാരൻ പറയുന്നു.
അയൽവക്കത്തെ താമസക്കാരെല്ലാം തനിക്കെതിരായെന്നും അയൽക്കാർ എതിരായതോടെ അവർക്കെതിരേ ഭാര്യ പരാതി നൽകിയെന്നും 41 കാരൻ പറയുന്നു. അതിൽ സാക്ഷി പറയാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും ഭർത്താവ് പറയുന്നു. 2017 ൽ അഹമ്മദാബാദ് കുടുംബ കോടതിയൽ വിവാഹ മോചന കേസ് ഫയൽ ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചെന്നും ഇയാൾ പറയുന്നു.
വിവാഹ മോചനം വേണമെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകാമെന്ന് അറിയിച്ചെങ്കിലും 2 കോടി രൂപയാണ് ഭാര്യ ആവശ്യപ്പെടുന്നത്. കൂടുതൽ വാദം കേൾക്കാനായി കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റി.