
ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങി 4 വയസുകാരന് ദാരുണാന്ത്യം
representative image
ഹൈദരാബാദ്: ഗുഡിമൽകാപൂരിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസുകാരന് ദാരുണാന്ത്യം. ആസിഫ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലെ ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാം ബഹാദൂറിന്‍റെ മകന്‍ സുരേന്ദർ ആണ് മരിച്ചത്.
നേപ്പാളിൽ നിന്നുള്ള ഇവർ 7 മാസം മുമ്പാണ് നഗരത്തിലേക്ക് താമസം മാറിയത്. ഹോസ്റ്റലായി പ്രവർത്തിക്കുന്ന 6 നിലയുള്ള മുജ്‍തബ അപ്പാർട്ട്മെന്‍റിലെ ലിഫ്റ്റിനോട് ചേർന്നുള്ള ഒരു ചെറിയ മുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്ന കുഞ്ഞ് സ്വയം വാതിൽ വലിച്ചടച്ച് അതിന്‍റെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
മകനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് ലിഫ്റ്റിൽ അബോധാവസ്ഥയിലും ചോരയിൽ കുളിച്ച നിലയിലായിരുന്നു.
പിന്നാലെ അപ്പാർട്ട്മെന്‍റിലെ താമസക്കാർ പൊലീസിനെ അറിയിക്കുകയും കുഞ്ഞിനെ ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.