56 വയസുള്ള യുവാവിനെ കുറിച്ചല്ല ഞാൻ പറയുന്നത്; രാഹുൽ ഗാന്ധിയെ ട്രോളി മോദി

സ്വകാര്യമായി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റിന് പിന്നിലെ യുവ ശാസ്ത്രജ്ഞരെയും സ്റ്റാർട്ടപ്പ് സംഘത്തെയും അഭിനന്ദിക്കുന്നതിനിടെയാണ് രാഹുലിനു നേരെ 56 വയസുള്ള യുവാവെന്ന പരിഹാസം മോദി തൊടുത്തുവിട്ടത്
rahul gandhi response in attack against iran by israel and us narendra modi

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി

Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയെ 56 വയസുള്ള യുവാവ് എന്നു പരാമർശിച്ചാണ് മോദിയുടെ പരിഹാസം. തിങ്കളാഴ്ച പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിനെ മോദി ട്രോളിയത്.

ഇന്ത്യയിൽ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റിന് പിന്നിലെ യുവ ശാസ്ത്രജ്ഞരെയും സ്റ്റാർട്ടപ്പ് സംഘത്തെയും അഭിനന്ദിക്കുന്നതിനിടെയാണ് രാഹുലിനു നേരെ 56 വയസുള്ള യുവാവെന്ന പരിഹാസം മോദി തൊടുത്തുവിട്ടത്. ""സ്കൈറൂട്ട് സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്ന സംഘത്തിന്‍റെ ശരാശരി പ്രായം വെറും 28 വയസാണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഈ യുവമനസുകളാണ് ഈ നേട്ടത്തിന് പിന്നിൽ. 56 വയസുള്ള ഒരു യുവാവിനെ കുറിച്ചല്ല ഞാൻ പറയുന്നത്. ശരാശരി പ്രായം 28 മാത്രമുള്ള ഒരു സ്റ്റാർട്ടപ്പ് സംഘത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. അവർ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പതാക ഉയർത്തിപ്പിടിച്ചിരിക്കുകയാണ്,''- മോദി പറഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് ഈ വർഷം ജൂൺ 19ന് 56 വയസ് തികഞ്ഞിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യം നിരവധി സുപ്രധാന നേട്ടങ്ങൾ കൈവരിച്ചെന്നും ദേശീയതലത്തിലും അന്തർദേശീയതലത്തിലും ബഹിരാകാശ മേഖലയിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന വിജയങ്ങളാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിലാണ് സ്വകാര്യ സ്ഥാപനങ്ങൾ ഇത്തരം നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഇന്ത്യയിലെ യുവ നവോത്ഥാന സംരംഭകർ രാജ്യത്തിന്‍റെ ബഹിരാകാശ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും മോദി വ്യക്തമാക്കി.

ശനിയാഴ്ച സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതോടെ അമെരിക്കക്കും ചൈനക്കും ശേഷം സ്വകാര്യ കമ്പനികൾക്ക് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണശേഷിയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com