''എനിക്ക് ഹിന്ദി അറിയില്ല'', കേന്ദ്രമന്ത്രിയുടെ കത്തിന് തമിഴിൽ മറുപടിയുമായി എംപി
ചെന്നൈ: കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു ഹിന്ദിയിൽ അയച്ച കത്തിന് ഡിഎംകെയുടെ രാജ്യസഭാ എംപി എം.എം. അബ്ദുള്ള തമിഴിൽ മറുപടി നൽകി. തനിക്ക് ഹിന്ദി അറിയില്ലെന്നും, ആശയവിനിമയം ഇംഗ്ലീഷിൽ വേണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രെയ്നുകളിലെ ഭക്ഷണത്തിന്‍റെ വൃത്തിയും നിലവാരവും നിലവാരവും സംബന്ധിച്ച് അബ്ദുള്ള പാർലമെന്‍റിൽ ഉന്നയിച്ച പരാമർശത്തിനുള്ള മറുപടിയാണ് ഹിന്ദിയിൽ ലഭിച്ചത്.
തനിക്ക് ഹിന്ദി അറിയില്ലെന്ന് മന്ത്രിയുടെ ഓഫിസിനെ പലവട്ടം ധരിപ്പിച്ചിട്ടുള്ളതാണെന്നും, എന്നിട്ടും ബിട്ടു എപ്പോഴും ഹിന്ദിയിലാണ് കത്തുകൾ അയയ്ക്കാറുള്ളതെന്നും അബ്ദുള്ള പറയുന്നു. ഈ സാഹചര്യത്തിലാണ്, ഭാഷയുടെ ബുദ്ധിമുട്ട് മന്ത്രിക്ക് മനസിലാകാൻ ഉതകുന്ന രീതിയിൽ തമിഴിൽ മറുപടി അയയ്ക്കുന്നതെന്നും വിശദീകരണം.
ബിട്ടുവിന്‍റെയും കത്തും തന്‍റെ മറുപടിയും അബ്ദുള്ള സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, ഹിന്ദി മാസാചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗവർണർ ആർ.എൻ. രവിയുമായി തർക്കവുമുണ്ടായിരുന്നു. ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ നടത്താൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്റ്റാലിൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.