

നാനാ പടേക്കർ
പനാജി: അപ്രതീക്ഷിത വിയോഗത്തിന് മൂന്ന് ദിവസം മുൻപ് ഗോവയിൽ നടന്ന സാമൂഹിക പരിപാടിയിൽ സംസാരിച്ച നാനാ പടേക്കറിന്‍റെ വാക്കുകൾ അറംപറ്റിയെന്ന് ആരാധകർ. എല്ലാവരും ഒരുനാൾ ഈ ലോകത്ത് നിന്ന് പോകേണ്ടിവരുമെന്നും നാളെ താൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ഗോവയിലെ പനാജിക്ക് സമീപം ഡോണ പോളയിൽ ഒക്റ്റോബർ നാലിന് നടന്ന സമ്രാട്ട് ക്ലബ് ഇന്‍റർനാഷനലിന്‍റെ പരിപാടിയിലാണ് നാനാ പടേക്കർ സംസാരിച്ചത്. അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു.
“നമ്മളെല്ലാവരും ഒരുനാൾ പോകേണ്ടവരാണ്. നാളെ ഞാൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. എല്ലാവരുടെയും ജീവിതത്തിൽ ആ സമയം വരും. എന്നാൽ ആ സമയം വരുന്നതിന് മുൻപ്, എനിക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ, അതിനായി ഞാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം”- നാനാ പടേക്കർ പറഞ്ഞു.
പരിപാടിക്ക് ശേഷം നാനാ പടേക്കർ പ്രാദേശിക കലാകാരന്മാർക്കൊപ്പം പരമ്പരാഗത സംഗീതോപകരണമായ ‘ഷാമെൽ’ വായിക്കുകയും പ്രാദേശിക കലാരൂപമായ ‘ദേഖ്നി’ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
75കാരനായ നടൻ വ്യാഴാഴ്ച പുലർച്ചെയാണ് ഗോവയിൽ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പനാജിക്ക് സമീപത്തെ ഗോവ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കിയാര അദ്വാനി, തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത് തുടങ്ങിയവർ നാനാ പടേക്കറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നാനാ പടേക്കറിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്.