സലിം ദോലയെ ഇന്ത്യന്‍ ഏജന്‍സിക്ക് കൈമാറി

ഈ മാസം 25നാണ് 59കാരനായ ദോലയെ തുര്‍ക്കിയിലെ നാര്‍കോട്ടിക്‌സ് ക്രൈംസ് ഡിവിഷന്‍ ഒഫ് ഇസ്താംബുള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
Salim Dola handed over to Indian agency

സലിം ദോലയെ ഇന്ത്യന്‍ ഏജന്‍സിക്ക് കൈമാറി

Updated on

ന്യൂഡല്‍ഹി: മയക്കുമരുന്ന് രാജാവും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായിയുമായ സലിം ദോലയെ ചൊവ്വാഴ്ച പുലര്‍ച്ചെ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് കൈമാറി. സലിം ദോലയെ മുംബൈ പൊലീസിനു കൈമാറും. അതിനുശേഷം വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യും. ഈ മാസം 25നാണ് 59കാരനായ ദോലയെ തുര്‍ക്കിയിലെ നാര്‍കോട്ടിക്‌സ് ക്രൈംസ് ഡിവിഷന്‍ ഒഫ് ഇസ്താംബുള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അന്താരാഷ്‌ട്ര-ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) തുര്‍ക്കിയില്‍ നിന്ന് മുഹമ്മദ് സലിം ദോലയെ ഇന്ത്യയിലെത്തിച്ചത്. വര്‍ഷങ്ങളായി, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രധാന അന്തര്‍ദേശീയ മയക്കുമരുന്ന് ശൃംഖല ദോല സ്ഥാപിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ക്രിമിനല്‍ പശ്ചാത്തലമുള്ള ദോലയില്‍ നിന്ന് മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ഹെറോയിന്‍, ചരസ്, മെഫെഡ്രോണ്‍, മാന്‍ഡ്രാക്‌സ്, മെത്താംഫെറ്റാമൈന്‍ എന്നിവ ഒന്നിലധികം തവണ പിടിച്ചെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ മയക്കുമരുന്ന് വിതരണ ശൃംഖലകളിലേക്ക് മൊത്ത വിതരണക്കാരനെന്ന നിലയില്‍ ദോലയുടെ പങ്ക് വ്യാപിച്ചുവരികയായിരുന്നു. എടിഎസ് ഗുജറാത്ത്, മുംബൈ പൊലീസ് എന്നീ ഏജന്‍സികള്‍ ദോലയ്ക്കു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. നേരത്തെ, 2025ല്‍ യുഎഇയില്‍ നിന്ന് നാടുകടത്തലിന് ശേഷം ദോലയുടെ മകന്‍ താഹിർ സലിം ദോലയെയും മറ്റ് കൂട്ടാളികളെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

' ഡി കമ്പനി'യില്‍ തുടക്കം; ഒന്നിലധികം രാജ്യങ്ങള്‍ മയക്കുമരുന്ന് ശൃംഖല

മുംബൈ: മഹാരാഷ്‌ട്രയിലെ ദോംഗ്രി നിവാസിയായ ദോല ഒരു പതിറ്റാണ്ട് മുമ്പാണ് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തത്. അതിനുശേഷം വിദേശത്ത് നിന്ന് ഒന്നിലധികം രാജ്യങ്ങളിലായി മയക്കുമരുന്ന് ശൃംഖല രൂപപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സാംഗ്ലി, സൂറത്ത് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലും തുര്‍ക്കിയിലും ദോല മയക്കുമരുന്ന് ശൃംഖല രൂപപ്പെടുത്തിയിരുന്നതായി കണ്ടെത്തി. അവിടെ ദോല കൂട്ടാളികള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ദോലയുടെ മകന്‍ താഹിറിനെയും അനന്തരവന്‍ മുസ്തഫ മുഹമ്മദ് കുബ്ബവാലയെയും അധികൃതര്‍ യുഎഇയില്‍ നിന്ന് നാടുകടത്തി. അതോടെ ദോലയുടെ ശൃംഖല ദുര്‍ബലപ്പെടുകയും ചെയ്തു.

വളരെ ചെറുപ്രായത്തില്‍ തന്നെ ദോല മുംബൈ അധോലോകത്തേയ്ക്ക് പ്രവേശിച്ച വ്യക്തിയാണ്. ആദ്യം ഛോട്ടാ ഷക്കീലുമായി സൗഹൃദത്തിലായി. അന്ന് ഷക്കീല്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ' ഡി കമ്പനി 'യില്‍ അംഗമായിരുന്നു. തുടക്കത്തില്‍, മുംബൈയിലും ഡല്‍ഹിയിലും ഗുഡ്ക (പുകയില) കള്ളക്കടത്തിലാണു ദോല ഉള്‍പ്പെട്ടിരുന്നത്. ക്രമേണ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കടക്കുകയും കഞ്ചാവ് കടത്താന്‍ തുടങ്ങുകയും ചെയ്തു. 2012ല്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ 80 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം, കോടതി ദോലയെ കുറ്റവിമുക്തനാക്കി.

ജയില്‍ മോചിതനായ ശേഷം, ദോല ഒളിവില്‍ കഴിയുന്ന മയക്കുമരുന്ന് വിതരണക്കാരനായ കൈലാഷ് രജ്പുത്തിനെ കണ്ടുമുട്ടി. ഈ പരിചയപ്പെടലാണ് ദോലയെ സിന്തറ്റിക് മരുന്നുകളുടെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാന്‍ പ്രേരിപ്പിച്ചത്. കൈലാഷ് രജ്പുത്തിന്‍റെ സഹായത്തോടെ, ദോല 'ബട്ടണ്‍' എന്നറിയപ്പെടുന്ന ഒരു സിന്തറ്റിക് മരുന്ന് നിര്‍മിക്കാന്‍ തുടങ്ങി. ഫെന്‍റനൈല്‍ പോലുള്ള അപകടകരമായ ഒപിയോയിഡുകള്‍ ഉപയോഗിച്ചാണ് ഈ മരുന്ന് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ഗുളികകളുടെ രൂപത്തിലാണ് വില്‍ക്കുന്നത്.

2018ല്‍, മുംബൈ പൊലീസിന്‍റെ ആന്‍റി-നാര്‍ക്കോട്ടിക് സെല്‍ സാന്താക്രൂസില്‍ വച്ച് ദോലയെ അറസ്റ്റ് ചെയ്തു. 100 കിലോഗ്രാം ഫെന്‍റനൈല്‍ പിടിച്ചെടുത്തു. എന്നാല്‍ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെ വെറും നാല് മാസത്തിനുള്ളില്‍ ദോലയ്ക്ക് ജാമ്യം ലഭിച്ചു. തുടര്‍ന്ന് ദോല ഇന്ത്യയില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് പോയി. അവിടെ മകന്‍ താഹിറിന്‍റെ പേരില്‍ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസ് സ്ഥാപിച്ചു. അതോടൊപ്പം ദോല മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com