
സി.എൻ. ചിന്നയ്യ
ബംഗളൂരു: ധർമസ്ഥലയിലെ ദുരുഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയുടെ ചിത്രം പുറത്തുവിട്ടു. തെറ്റായ പരാതികളും തെളിവുകളും നൽകിയെന്നാരോപിച്ച് അന്വേഷണസംഘം ഇയാളെ അറസ്റ്റു ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഇയാളുടെ ചിത്രവും പേരും അടക്കം അന്വേഷണ സംഘം പുറത്തുവിട്ടത്.
ഇയാളുടെ പേര് സി.എൻ. ചിന്നയ്യ എന്നാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ്. നിലവിൽ ഇയാൾക്ക് 45 വയസുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസം വരെ സാക്ഷിയെന്ന പരിരക്ഷയുള്ളതിനാൽ സംരക്ഷണത്തിന്‍റെ ഭാഗമായി ഇയാൾ മുഖം മൂടി ധരിച്ചായിരുന്നു തെളിവെടുപ്പിനടക്കം എത്തിയിരുന്നത്.
ദിവസങ്ങൾ നീണ്ട തെളിവെടുപ്പിന് ശേഷവും കേസിനെ സാധൂകരിക്കുന്ന ഒന്നും കണ്ടെത്താനാവാതെ വന്നതോടെ വെള്ളിയാഴ്ച രാത്രി നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാൾ തെളിവായി ഹാജരാക്കിയ തലയോട്ടി അടക്കമുള്ള വസ്തുക്കൾ വ്യാജമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റുദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.