
ഡൽഹി: രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ മുസ്‌ലിംകളും സുരക്ഷിതരെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താൻ ഒരു യോഗിയാണെന്നും എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം. വാർത്താ ഏജൻസിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ 100 ഹിന്ദു കുടുംബങ്ങൾക്കു നടുവിൽ താമസിക്കുന്ന ഏക മുസ്‌ലിം കുടുംബവും സുരക്ഷിതരാണ്.
എന്നാൽ, 100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ കഴിയുന്ന 50 ഹിന്ദുക്കൾ സുരക്ഷിതരെന്നു പറയാനാകുമോ. ബംഗ്ലാദേശിലെ സാഹചര്യം ഇതിന് ഉത്തരമാണ്. അതിനു മുൻപ് പാക്കിസ്ഥാനും ഉദാഹരണം. അഫ്ഗാനിസ്ഥാനിൽ എന്താണു സംഭവിച്ചത്.
യുപിയിൽ ബിജെപി അധികാരത്തിലെത്തിയ 2017നുശേഷം ഒരു കലാപവുമുണ്ടായിട്ടില്ല. സനാതന ധർമം ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിശ്വാസമാണ്. ഹിന്ദു രാജാക്കന്മാർ മറ്റു വിശ്വാസങ്ങൾക്കു മേൽ ആധിപത്യത്തിനു ശ്രമിച്ചതായി ലോകചരിത്രത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.