

മരിച്ച സഹിൽ വകോഡെ | ബോംബെ ഐഐടി ക്യാംപസിൽ വിദ്യാർഥികൾ രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.
മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചാറ്റ് ജിപിടി വഴി ഉത്തരങ്ങൾ കണ്ടെത്താ]ൻ ശ്രമിച്ചതിന് പിടിയിലായ ബോംബെ ഐഐടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ. രണ്ടാം വർഷ വിദ്യാർഥിയായ സാഹിൽ വകോഡെ ആണ് മരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഐഐടി പവായ് ക്യാംപസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരീക്ഷാ ചോദ്യപേപ്പർ മൊബൈൽ ഫോൺ വഴി ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥി പിടിയിലായതെന്ന് അധ്യാപകർ പറയുന്നു. എന്നാൽ, വിദ്യാർഥിക്കെതിരേ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അവകാശപ്പെടുന്നത്. സംഭവത്തിനു ശേഷം ഇൻസ്ട്രക്റ്ററും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും, ഈ സംഭവം വിദ്യാർഥിയുടെ അക്കാഡമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകി കൗൺസിലിങ് നൽകുകയും ചെയ്തിരുന്നു എന്നും പറയുന്നു. ഇതിനു ശേഷമാണ് വിദ്യാർഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയത്. പിന്നീട് വൈകുന്നേരത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഐഐടി പവായ് ക്യാംപസിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരീക്ഷാ തിരിമറിക്കിടെ പിടിയിലായ വിദ്യാർഥിക്ക് ഒരു വർഷത്തെ സസ്പെൻഷൻ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർഥികൾ ആരോപിക്കുന്നു.
സസ്പെൻഷൻ ലഭിച്ചാൽ ഹോസ്റ്റൽ വിടേണ്ടിവരുമെന്നും ഇത് കോഴ്സ് നീണ്ടുപോകാൻ ഇടയാക്കുമെന്നുമുള്ള ഭയവും മാനസികസമ്മർദവുമാണ് വിദ്യാർഥിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് മറ്റു വിദ്യാർഥികളുടെ ആരോപണം.
വിദ്യാർഥിയുടെ വിയോഗത്തിൽ ഐഐടി ബോംബെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിദ്യാർഥിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആവശ്യമായ പിന്തുണ നൽകിവരുകയാണെന്നും, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്യാംപസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യമിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദത്താത്രേയ് നലവാഡെ വ്യക്തമാക്കി.