
അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത
അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ അനധികൃത മരുന്ന് പരീക്ഷണം 741 രോഗികളുടെ ജീവനെടുത്തതായി സംശയം. അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്‍ററിൽ അനധികൃത പരീക്ഷണത്തിനു വിധേയരായ 2352 രോഗികളിൽ 741 പേരാണ് മരിച്ചത്.
അനുമതിയില്ലാതെയാണ് സ്റ്റെം സെൽ തെറാപ്പി നടത്തിയതെന്നു വ്യക്തമായതോടെ, ഇതു സംബന്ധിച്ച നടപടികൾ വ്യക്തമാക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1999-2017 കാലയളവിലാണ് മരുന്ന് പരീക്ഷണം കാരണമെന്നു സംശയിക്കപ്പെടുന്ന മരണങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ, അഹമ്മദാബാദ് കോർപ്പറേഷൻ ആശുപത്രിയിൽ അനുമതിയില്ലാതെ മരുന്ന് പരീക്ഷണം നടത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണ് പഴയ സംഭവവും അന്വേഷണവിധേയമാകുന്നത്.
കോർപ്പറേഷൻ ആശുപത്രിയിൽ ഡോക്റ്റർമാർ മരുന്ന് കമ്പനികളിൽ നിന്ന് പണം വാങ്ങിയാണ് രോഗികളെ പരീക്ഷണവിധേയരാക്കിയതെന്നാണ് ആരോപണം. മുൻപും ഇത്തരത്തിൽ പണമിടപാട് നടന്നിട്ടുണ്ടോ എന്നു പരിശോധിക്കും.
കോർപ്പറേഷന്ഞ ആശുപത്രിയിൽ 2021-25 കാലഘട്ടത്തിൽ അഞ്ഞൂറോളം രോഗികളിലാണ് അമ്പതോളം കമ്പനികളുടെ മരുന്ന് അനുമതിയില്ലാതെ പരീക്ഷിക്കപ്പെട്ടത്.