ബിജെപിയിൽ കണ്ണു നട്ട് നായിഡുവും ജഗനും; ആന്ധ്രയിൽ തെരഞ്ഞെടുപ്പു കാഹളം

നായിഡു ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും ഡൽഹിയിലേക്ക് പറന്നു
എൻ. ചന്ദ്രബാബു നായിഡു, അമിത് ഷാ, വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി
എൻ. ചന്ദ്രബാബു നായിഡു, അമിത് ഷാ, വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി

അമരാവതി: ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആന്ധ്ര പ്രദേശിൽ പുതിയ സഖ്യങ്ങൾക്കുള്ള കളമൊരുങ്ങുന്നു. ഇത്തവണ രണ്ട് തെരഞ്ഞെടുപ്പുകളെയും ഒരുമിച്ച് സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ആന്ധ്ര പ്രദേശ്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും എതിർകക്ഷിയായ ടിഡിപിയുമാണ് ബിജെപിയുമായുള്ള സൗഹൃദത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, സഖ്യത്തെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 8ന് ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് ഇരു പാർട്ടികളും സഖ്യത്തിലാകുമെന്ന അഭ്യൂഹം ശക്തമായത്. വരും ദിവസങ്ങളിൽ സഖ്യം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 10നുള്ളിൽ സ്ഥാനാർഥികളുടെ പട്ടിക പുറത്തു വിടാനായിരുന്നു ടിഡിപിയുടെ തീരുമാനം. എന്നാൽ സഖ്യത്തിൽ തീരുമാനമാകാത്തതിനാൽ സ്ഥാനാർഥി പ്രഖ്യാപനവും വൈകുകയാണ്.

ഫെബ്രുവരി 10നുള്ളിൽ ടിഡിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപിയുമായി വേർപിരിഞ്ഞ് സംസ്ഥാനത്ത് തുടരുന്നത് ബുദ്ധിമുട്ടാണെന്ന് നായിഡു തിരിച്ചറിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകനായ തെളകപ്പള്ളി രവി പറയുന്നു. ഒരുമിച്ച് നിന്ന് വിജയങ്ങൾ സൃഷ്ടിച്ച പാരമ്പര്യമാണ് ബിജെപിക്കും ടിഡിപിക്കുമുള്ളതെന്ന് ടിഡിപി വക്താവ് തിരുനഗരി ജ്യോഷ്ണ പറയുന്നു. ആശയപരമായും ബിജെപിയും ടിഡിപിയും തമ്മിൽ സാദൃശ്യമുണ്ട്. അതിനാലാണ് സഖ്യം വിജയകരമായി മുന്നേറിയതെന്നും അദ്ദേഹം പറയുന്നു. നിലവിൽ പവൻ കല്യാൺ നേതൃത്വം നൽകുന്ന ജൻസേനയുമായി ടിഡിപി സഖ്യത്തിലാണ്.

എന്നാൽ ടിഡിപി- ബിജെപി സഖ്യത്തെ തകർക്കാനുള്ള ശ്രമങ്ങളൊക്കെ ഭരണകക്ഷിയായ വൈഎസ്ആർസിപിയും നടത്തുന്നുണ്ട്. നായിഡു ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയും ഡൽഹിയിലേക്ക് പറന്നിരുന്നു. അതു കൊണ്ടു തന്നെ ഏതു സഖ്യത്തെയാണ് ബിജെപി കൂട്ടു പിടിക്കുക എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ബിജെപിയുമായി കൂട്ടുകൂടാൻ കിണഞ്ഞു പരിശ്രമിക്കുന്നത് ടിഡിപിയാണ്.

കേന്ദ്രത്തിലെ ബിജെപിയുടെ സ്വാധീനം ഉപയോഗപ്പെടുത്തിക്കൊണ്ട് വൈഎസ്ആർസിപിയിലേക്കുള്ള പണമൊഴുക്ക് അടക്കം തടഞ്ഞ് ജഗൻ മോഹനെ തകർക്കാനാണ് ടിഡിപി കരു നീക്കുന്നത്. ആന്ധ്രപ്രദേശിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഒരു അടിത്തറയില്ല. എന്നാൽ സംസ്ഥാനത്തു ശക്തരായ ഇരു പാർട്ടികളെയും സൗഹൃദത്തിൽ നിർത്തിക്കൊണ്ട് ബുദ്ധിപരമായാണ് ബിജെപി കരുക്കൾ നീക്കുന്നത്. അതു കൊണ്ടു തന്നെ ഒരു പക്ഷേ ടിഡിപിയുമായി സഖ്യത്തിലായാൽ പോലും ബിജെപി ജഗനെ വെറുപ്പിക്കാൻ സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എങ്കിലും സംസ്ഥാനത്ത് ബിജെപിയും ടിഡിപിയും ജനസേനയും ജഗന്‍റെ എതിരാളികളാണ്. എല്ലാത്തിനും പുറമേ സഹോദരി വൈ.എസ്. ശർമിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പദത്തിലെത്തിയതും ജഗനെ അലട്ടുന്നുണ്ട്. അതു കൊണ്ടു തന്നെ വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം ജഗൻ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി 6100 പേർക്കാണ് സർക്കാർ സ്കൂളുകളിൽ അധ്യാപകരായി നിയമനം നൽകിയിരിക്കുന്നത്. എന്തായാലും ബിജെപി ആർക്കൊപ്പം നിൽക്കുമെന്ന് വ്യക്തമായെങ്കിൽ മാത്രമേ ആന്ധ്രയിൽ തെരഞ്ഞെടുപ്പു ചിത്രം തെളിയുകയുള്ളൂ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com