ബംഗാള്‍ സര്‍ക്ക്യൂട്ട് ഹൗസ് ഒഴിയാന്‍ ആവശ്യപ്പെട്ട സംഭവം; പ്രിവിലേജ് നോട്ടീസ് നല്‍കി മഹുവ മൊയ്ത്ര

ഓഗസ്റ്റ് 14ന് രാത്രി സര്‍ക്ക്യൂട്ട് ഹൗസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനവും അവഹേളനപരമായ പെരുമാറ്റവുമാണെന്ന് ആരോപിച്ചാണ് നടപടി
Mahua Moitra

മഹുവ മൊയ്ത്ര

Updated on

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലെ സര്‍ക്ക്യൂട്ട് ഹൗസ് രാത്രി വൈകി ഒഴിയാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പ്രിവിലേജ് നോട്ടീസ് നല്‍കി.

ഓഗസ്റ്റ് 14ന് രാത്രി സര്‍ക്ക്യൂട്ട് ഹൗസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനവും അവഹേളനപരമായ പെരുമാറ്റവുമാണെന്ന് ആരോപിച്ചാണ് നടപടി.

ലോക്‌സഭാ നടപടിക്രമങ്ങളിലെ റൂള്‍ 222 പ്രകാരം ഓഗസ്റ്റ് 16ന് നല്‍കിയ നോട്ടീസില്‍ നാദിയ ജില്ലാ മജിസ്ട്രേറ്റ് ശ്രീകാന്ത് പള്ളി, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിര്‍പേന്ദ്ര സിങ്, നസറത്ത് ഡെപ്യൂട്ടി കലക്റ്റര്‍ അനാമിക ബെറ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു. പാര്‍ലമെന്‍ററി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് കൃഷ്ണനഗര്‍ എംപിയായ മഹുവ മൊയ്ത്രയുടെ ആരോപണം. ഭീഷണിയും ഉപദ്രവവും കൂടാതെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സ്പീക്കറുടെ സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓഗസ്റ്റ് 13ന് തന്നെ മണ്ഡലം സന്ദര്‍ശിക്കുന്ന വിവരം സ്പീക്കറെ അറിയിച്ചിരുന്നെന്നും ഉപദ്രവമോ തടസമോ ഉണ്ടാകാതിരിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ഓഗസ്റ്റ് 14ന് വൈകിട്ട് 6.15ഓടെ നാദിയ സര്‍ക്ക്യൂട്ട് ഹൗസില്‍ എത്തിയപ്പോള്‍ എംപിമാര്‍ക്ക് ജില്ല ആസ്ഥാനത്ത് താമസിക്കാന്‍ അനുവദിക്കുന്ന ഔദ്യോഗിക കെട്ടിടത്തില്‍ പതിവായി നല്‍കുന്ന മുറി തന്നെ അനുവദിച്ചെന്നും അവര്‍ പറഞ്ഞു.

രാത്രി ഏഴിന് മുറിയില്‍ ചായയും 9.20ന് അത്താഴവും നല്‍കിയിരുന്നു. എന്നാൽ രാത്രി 9.47ന് നാദിയ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിളിച്ച് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് എന്ന് അദ്ദേഹം പറഞ്ഞതായും മൊയ്ത്ര ആരോപിച്ചു.

രാത്രി 10.52ന് നസറത്ത് ഡെപ്യൂട്ടി കലക്റ്റര്‍ വാട്‌സ്ആപ്പ് വഴി ഓഗസ്റ്റ് 12ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ് അയച്ചു. വാര്‍ഷിക അറ്റകുറ്റപ്പണികളും ശുചീകരണവും നടക്കുന്നതിനാല്‍ ഓഗസ്റ്റ് 14 വൈകിട്ട് മുതല്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സര്‍ക്ക്യൂട്ട് ഹൗസ് ഉപയോഗത്തിന് ലഭ്യമാകില്ലെന്നായിരുന്നു ഉത്തരവ്. ഓഗസ്റ്റ് 13ന് മുൻപുള്ള ബുക്കിങ്ങുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ബുക്കിങ് നടത്തിയപ്പോഴോ ചെക്ക് ഇന്‍ ചെയ്തപ്പോഴോ നിയന്ത്രണത്തെക്കുറിച്ച് ജീവനക്കാര്‍ അറിയിച്ചില്ലെന്നും മുറി അനുവദിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു. അന്ന് രാത്രി സര്‍ക്ക്യൂട്ട് ഹൗസിലെ നാല് മുറികളില്‍ ആളുകള്‍ താമസിച്ചിരുന്നതായും അവര്‍ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com